ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് യൂണിയനുകളുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് ഉയർന്നു വന്നിരിക്കുന്നത്. ജോലികൾ വെട്ടി കുറച്ച് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സമരമുഖത്തിറങ്ങുന്നതിന് അനുകൂലമായി യുണൈറ്റ് അംഗങ്ങൾ വോട്ട് ചെയ്തിരിക്കുകയാണ്.
എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു. 857 യൂണിയൻ അംഗങ്ങളിൽ 568 പേർ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമരത്തോടുള്ള കമ്പനിയുടെ നിലപാട് വ്യക്തമാക്കി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ ഭാഗത്തുനിന്ന് തൊഴിലാളികൾക്ക് കത്തയച്ചിട്ടുണ്ട്.
കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് നിലവിൽ യൂണിയനുകളായ യുണൈറ്റ്, കമ്മ്യൂണിറ്റി, ജി എം ബി യൂണിയനുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക കൂടിയാലോചനകൾ നടക്കുകയാണ്. ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് . ചർച്ചകൾ നടക്കുന്ന സമയത്ത് വ്യവസായിക നടപടി വേണമോ എന്ന കാര്യത്തിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയതിൽ കടുത്ത നിരാശയുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ തങ്ങളുടെ അംഗങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കൈക്കൂലി മുതൽ ഭീഷണി വരെ ടാറ്റ ഉപയോഗിച്ചതായി യൂണിറ്റിന്റെ വെയിൽസ് റീജിയൻ സെക്രട്ടറി പീറ്റർ ഹ്യൂസ് പറഞ്ഞു.
Leave a Reply