ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയിൽ സ്ഥിരതാമസം ആക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു ഭവനം വാങ്ങുകയെന്നത്. എന്നാൽ പലപ്പോഴും വർദ്ധിച്ച ചിലവുകൾ മൂലം തങ്ങളുടെ ശമ്പളം കൊണ്ട് മാത്രം ഇതിന് പലർക്കും സാധിക്കാതെ വരുന്നു. അതിനാൽ തന്നെ നാട്ടിലുള്ള തങ്ങളുടെ വസ്തുവകകളും, വീടും മറ്റും വിറ്റ പണം യുകെയിലേക്ക് ട്രാൻസ് ഫർ ചെയ്ത് ഡിപ്പോസിറ്റ് ചെയ്താണ് പലപ്പോഴും ഭൂരിഭാഗം മലയാളികളും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ ഇനി മുതൽ അത്തരം വഴികളും പ്രതിസന്ധിയിൽ ആകും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ബഡ് ജറ്റിൽ ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തിനുള്ള നികുതി നിലവിലെ അഞ്ച് ശതമാനത്തിൽ നിന്നും 20% ആയി വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ ഗവൺമെന്റിന്റെ ഈ തീരുമാനം യുകെയിൽ ഒരു വീട് വാങ്ങാമെന്ന് സ്വപ് നം കണ്ടിരിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്കുമേൽ ഒരു തിരിച്ചടിയാണ്. പാർലമെന്റിൽ ഈ ബഡ് ജറ്റ് പാസാക്കപ്പെടുമ്പോൾ ജൂലൈ ഒന്നു മുതൽ ഈ തീരുമാനം പൂർണ്ണമായും നടപ്പിലാക്കപ്പെടും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന തുക 8500 ഡോളറിൽ കൂടുതൽ ആയാൽ മാത്രം അഞ്ച് ശതമാനം നികുതി ചുമത്താമെന്നതാണ്. എന്നാൽ പലപ്പോഴും ഭൂരിഭാഗം ബാങ്കുകളും ചെറിയ തുകകൾ ട്രാൻസ് ഫർ ചെയ്യുമ്പോൾ പോലും 5% നികുതി ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ പുതിയ വർദ്ധനവ് ചെറിയ തുകകൾക്കും മേലും ഈടാക്കപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസത്തിനും മെഡിക്കൽ ചിലവുകൾക്കും മറ്റുമായി അയക്കപ്പെടുന്ന തുകകൾ മാത്രമാണ് ഇത്തരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയിടുവാനാണ് ഇത്തരം ഒരു നീക്കം എങ്കിലും ഇത് സാധാരണക്കാരെ കൂടുതൽ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സാമ്പത്തിക നീക്കം മലയാളികളുടെ പ്രതീക്ഷകൾക്കു മേൽ തിരിച്ചടിയാണ്.
Leave a Reply