കുപ്രസിദ്ധ ഇസ്ലാമിസ്റ്റ് വിദ്വേഷ പ്രചാരകന്‍ അന്‍ജം ചൗധരി ഈയാഴ്ച ജയില്‍ മോചിതനാകുന്നു. ഡര്‍ഹാം കൗണ്ടിയിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിട്ടുള്ളത്. അഞ്ചര വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ശിക്ഷയില്‍ പകുതിയോളം അനുഭവിച്ചതിനു ശേഷമാണ് പുറത്തെത്തുന്നത്. ഇതിനു ശേഷം ഇയാള്‍ക്ക് സുരക്ഷയൊരുക്കാനും നിരീക്ഷിക്കാനുമായി പ്രതിവര്‍ഷം 2 മില്യന്‍ പൗണ്ട് വീതം ഗവണ്‍മെന്റിന് ചെലവാകുമെന്നാണ് കരുതുന്നത്. 51കാരനായ ഇയാള്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. പരസ്യമായി ഐസിസിനെ പിന്തുണച്ച് സംസാരിച്ചതിനാണ് 2016ല്‍ ഇയാള്‍ക്ക് തടവുശിക്ഷ ലഭിച്ചത്. ഇയാളെ നിരീക്ഷിക്കുന്നതിന് ആവശ്യമായ വന്‍ തുക ബ്രിട്ടീഷ് നികുതിദായകരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്ന് സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

25 നിബന്ധനകളോടെയാണ് ഇയാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരിക്കുന്നത്. ഈവനിംഗ് കര്‍ഫ്യൂ, ജിപിഎസ് ഇലക്ട്രോണിക് ടാഗ് ധരിക്കല്‍, സെന്‍ട്രല്‍ ലണ്ടനില്‍ ഇയാള്‍ നമസ്‌കാരത്തിന് എത്തിയിരുന്ന റീജന്റ്‌സ് പാര്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കുന്നതില്‍ നിന്നുള്ള വിലക്ക്, മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍. അന്‍ജം ചൗധരി നിരോധിത തീവ്രവാദ സംഘടനയായ അല്‍-മുഹാജിറൂണിന്റെ തലവനായിരുന്നു. ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ ഖുറം ഭട്ട് ഇയാളുടെ ശിഷ്യനായിരുന്നു. മറ്റു ഭീകരാക്രമണങ്ങളിലും ഇയാളുടെ അനുയായികള്‍ പങ്കെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയില്‍ മോചിതനാകുന്നതിനു മുമ്പും ഇയാള്‍ നികുതിദായകര്‍ക്ക് വന്‍ ബാധ്യതയാണെന്നും സണ്‍ഡേ ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു. ഇയാളുടെ കേസ് നടത്തിപ്പിന് 140,000 പൗണ്ടാണ് ചെലവായ പൊതുധനം. കുറ്റവാളിയെന്ന് കണ്ടെത്തിയ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഇനത്തില്‍ 4200 പൗണ്ട് കൂടി ചെലവായിട്ടുണ്ട്. ഇയാള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്താനും സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് സാധിക്കും എന്ന് വ്യക്തമായിരുന്നു. ഇയാള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതിയും റദ്ദാക്കും. യുഎന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഫ്രാന്‍സ് അന്‍ജം ചൗധരിക്കെതിരെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.