2019 ജനുവരി 26 തീയതി കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ തുടക്കം കുറിച്ച ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ തേരോട്ടങ്ങളും, അട്ടിമറികളും, തിരിച്ചു വരവുകളുമായി ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്. ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പതിനാല് പോയിന്റുമായി കോട്ടയം അഞ്ഞൂറന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും വിജയിച്ചാണ് ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. കഴിഞ്ഞ അഴ്ച്ചകളില്‍ നടന്ന മത്സരഫലങ്ങള്‍ ഇപ്രകാരം.

TCL – ഹണിബീസ് യുകെ യെ മലര്‍ത്തിയടിച്ചു് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.

കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തില്‍ ആതിഥേയരായ സ്റ്റാര്‍സ് ടണ്‍ബ്രിഡ് വെല്‍സ് പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടി ഒപ്പത്തിനൊപ്പം മുന്നേറി. 9-9 എന്ന നിലയില്‍ കട്ടക്ക് കട്ടക്ക് പിടിച്ച ഇരു ടീമുകളെയും വേര്‍തിരിച്ചതു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ തുടര്‍ച്ചയായ അവസാന അഞ്ചു വിജയങ്ങളാണ്. ഒരു തിരിച്ചു വരവിനു അവസരം കൊടുക്കാതെ 10-15 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു ലീഗില്‍ മുന്നേറ്റം തുടരുകയാണ് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്. വിളിച്ച അഞ്ചില്‍ നാലു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ ശ്രീ ടോമി വര്‍ക്കിയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL തുറുപ്പു ഗുലാനെ ശ്വാസം മുട്ടിച്ച് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്.

മറ്റൊരു വാശിയേറിയ മത്സരത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടത്തിന്റെ ഞെട്ടലിലാണ് തുറുപ്പുഗുലാന്‍. കളിയുടെ തുടക്കത്തില്‍ കത്തിനിന്ന തുറുപ്പു ഗുലാന്‍ അനായാസമാണ് 13-7 എന്ന സുദൃഢമായ സ്‌കോറില്‍ എത്തിയത്. പക്ഷെ വിജയം നുകരാന്‍ അനുവദിക്കാത്ത സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വെറും ഒരു പോയിന്റ് കൂടി എടുക്കാന്‍ തുറുപ്പുഗുലാനേ അനുവദിച്ചു 14-14 എന്ന അവിശ്വസനീയമായ നിലയില്‍ എത്തി. പിന്നീട് ഇരു ടീമുകളും കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. 15- 15, 16-16 എന്നിങ്ങനെ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന രണ്ടു ലേലങ്ങള്‍ വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് 18-16 നു വിജയം ഉറപ്പിച്ചു. ഒരു സീനിയര്‍ അടക്കം ഏഴ് ലേലങ്ങള്‍ വിജയായിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെയില്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL- വെല്‍സ് ഗുലാനെ തകര്‍ത്ത് തരികിട തോം തിരുവല്ല

കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മറ്റൊരു മത്സരത്തില്‍ തരികിട തോം തിരുവല്ല പതിനാലിനെതിരെ പതിനാറു പോയിന്റുകള്‍ക്ക് വെല്‍സ് ഗുലാനെ കീഴ്‌പെടുത്തി. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടി ഒരുപോലെ മുന്നേറി. ഇരു ടീമുകളും തോറ്റു കൊടുക്കാന്‍ കൂട്ടാക്കിയില്ല. 14-14 എന്ന നിലയില്‍ വെല്‍സ് ഗുലാന്റെ അവസാന ലേലത്തെ പരാജയപ്പെടുത്തി തരികിട തോം തിരുവല്ല വിജയക്കൊടി പാറിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ തരികിട തോം തിരുവല്ലയുടെ ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമി യെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – റോയല്‍സ് കോട്ടയത്തെ തകര്‍ത്ത് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സഹൃദയയുടെ വിജയികളായ റോയല്‍സ് കോട്ടയത്തെ കീഴ്‌പെടുത്തിയത് എട്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. മത്സര തുടക്കത്തിലെ ലീഡ് ഒരുപാടു നേരം പിടിച്ചു നിര്‍ത്താന്‍ റോയല്‍സ് കോട്ടയത്തിനു കഴിഞ്ഞില്ല. 9 – 7 നു മുന്പിലായിരുന്ന സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ അവസാന നീക്കങ്ങള്‍ വളരെ പെട്ടന്നായിരുന്നു. എതിരാളികള്‍ കണ്ണടച്ച് തുറക്കും മുന്‍പ് 15 – 8 എന്ന നിലയില്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വിജയം കരസ്ഥമാക്കി. സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ 2 സീനിയര്‍ ലേല വിജയം നേടി വിജയത്തിന്റെ തിളക്കം കൂട്ടി. എല്ലാ ലേലവും വിജയിച്ച സ്റ്റാര്‍സ് ട്ണ്‍ബ്രിഡ്ജ് വെല്‍സിന്റെ ശ്രീ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL- പുണ്യാളന്‍സ് കുതിക്കുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ പതിമൂന്നിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി ടീം പുണ്യാളന്‍സ് 2 പോയിന്റ് കരസ്ഥമാക്കി. കളിയുടെ തുടക്കത്തില്‍ ആധിപത്യം സ്ഥാപിച്ച പുണ്യാളന്‍സിനെ സാവധാനം മറികടന്നു ഇവര്‍ ഗ്രീന്‍ തൊടുപുഴ 11-10 എന്ന ലീഡില്‍ എത്തി. മല്‌സരത്തിന്റെ ആരംഭത്തില്‍ ഒരു ഹോണേഴ്സ് വിജയിച്ച ശ്രീ ആല്‍ബര്‍ട്ടിന്റെ ഒരു തനി ലേലം പരാജയപ്പെടിത്തിയതു ഇവര്‍ ഗ്രീന്‍ തൊടുപുഴയെ ലീഡില്‍ എത്താന്‍ സഹായിച്ചു. 14-13നു ലീഡ് തിരിച്ചുപിടിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ബിജോയി തോമസിന്റെ അവസാന ലേലം വിജയത്തോടെ 15-13 നു വിജയം ഉറപ്പിച്ചു. ഒരു കോര്‍ട്ട് വിളിയടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – കോട്ടയം അഞ്ഞൂറാന്‍സ് കണ്ണൂര്‍ ടൈഗേഴ്സ് മത്സരത്തിന് നാടകീയ പര്യവസാനം

ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിച്ചു പോരാടിയ ഇരു ടീമുകളെയും വേര്‍തിരിച്ചതു കോട്ടയം അഞ്ഞൂറാന്‍സിന്റെ തന്ത്രപരമായ നീക്കങ്ങള്‍. മത്സരത്തിന്റെ ആദ്യ രണ്ടുലേലത്തില്‍ തന്നെ 4 -0 എന്ന ലീഡില്‍ കുതിപ്പ് തുടങ്ങിയ അഞ്ഞൂറാന്‍സിനെ പിടിച്ചുനിര്‍ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സ് പാടുപെട്ടു. കോട്ടയം അഞ്ഞൂറാന്‍സിന്റെ ജോമിയുടെ ഒരു ഹോണേഴ്‌സും ശ്രീ സജിമോന്റെ ഒരു സീനിയര്‍ വിജയവും അടക്കം 8 – 3 എന്ന നിലയില്‍ മുന്നേറിയ അഞ്ഞൂറാന്‍സിനെ പതിയെ പിന്തുടര്‍ന്ന് 12 -12 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് തളച്ചു. പിന്നീട് വിജയിയെ നിശ്ചയിക്കാന്‍ ഒരുപാടു നേരം വേണ്ടിവന്നു. 14 -12 എന്ന നിലയില്‍ വിജയത്തോടടുത്ത കണ്ണൂര്‍ ടൈഗേര്‍സിന്റെ പിടിയില്‍ നിന്നും 14 -14 എന്ന തിരിച്ചു വരവുനടത്തിയത് കോട്ടയം അഞ്ഞൂറാന്‍സിന്റെ ക്യാപ്റ്റന്‍ ശ്രീ സജിമോന്‍ ജോസിന്റെ ഒരു കോര്‍ട്ട് വിളിയാണ്. പിന്നീട് 15 -15 എന്ന സമനിലയില്‍ നിന്നും 17 -16 എന്ന ലീഡില്‍ കണ്ണൂര്‍ ടൈഗേഴ്സ് വീണ്ടും കുതിച്ചു. സജിമോന്‍ ജോസിന്റെ ഒരു ഹോണേഴ്‌സിന്റെ സഹായത്താല്‍ കോട്ടയം അഞ്ഞൂറാന്‍സ് 18 -17 എന്ന ലീഡില്‍ എത്തി.പിന്നീട് നടന്ന രണ്ടു ലേലങ്ങള്‍(ശ്രീ സജിമോന്റെ സീനിയര്‍ വിജയം, സെബാസ്റ്റിന്റെ ലേലം 15) എന്നിവ എതിര്‍ ടീമിന് തുറുപ്പില്ലാത്തതിനാല്‍ മാറ്റി ഇടേണ്ടി വന്നു. വീണ്ടും കണ്ണൂര്‍ ടൈഗേഴ്സ് 18 -18 എന്ന സമനിലയില്‍ നില്‍ക്കെ കണ്ണൂര്‍ ടൈഗേര്‍സിന്റെ അവസാന ലേലം പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും കോഡും അടക്കം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അഞ്ഞൂറാന്‍സ് ക്യാപ്റ്റന്‍ ശ്രീ സജി മോന്‍ ജോസിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – കോട്ടയം അഞ്ഞൂറാന്‍സ് ജൈത്ര യാത്ര തുടരുന്നു

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ അതികായന്മാരായ കോട്ടയം അഞ്ഞൂറാന്‍സ് ശക്തരായ വെല്‍സ് ഗുലാനേ തകര്‍ത്തത് ഒന്‍പതിനെതിരെ പതിനാറു പോയിന്റുകള്‍ക്കു. മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അഞ്ഞൂറാന്‍സ് സാവധാനം മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തു. 5-4 നു മുന്‍പിലായിരുന്ന അഞ്ഞൂറാനസ് വെല്‍സ് ഗുലാന്റെ മൂന്ന് ലേലങ്ങള്‍ പരാജയപ്പെടുത്തി 11- 5 നിലയില്‍ നില്‍കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നു വെല്‍സ് ഗുലാന്‌സിന്റെ ശ്രീ തോമസ് വരീദിന്റെ ഒരു സീനിയര്‍ ലേല വിജയം. മറ്റു രണ്ടു പോയിന്റുകള്‍ കൂടി വെല്‍സ് ഗുലാന്‌സ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും അഞ്ഞൂറാന്‍സ് 16-9 നു വിജയം ഉറപ്പിച്ചിരുന്നു. എല്ലാ ലേലവും വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.

2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ യു.കെയിലെ മറ്റു പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.