ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ശമ്പള വർദ്ധനവ് അംഗീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ നാഷണൽ എജ്യുക്കേഷൻ യൂണിയൻ അധ്യാപകരുടെ സമരം അവസാനിച്ചു. ഇതോടെ ഓട്ടം (autumn) സീസണിൽ അധ്യാപകർ പണിമുടക്കില്ലെന്ന് ഉറപ്പായി. 6.5% ശമ്പള വർദ്ധനവ് അംഗീകരിക്കാൻ 86% അംഗങ്ങളും വോട്ട് ചെയ്തതായി യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ എൻ ഇ യു പറഞ്ഞു. സമരം പിൻവലിക്കാനുള്ള തീരുമാനം അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷം നൽകുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചു. ശമ്പളവർദ്ധനവിനെ ചൊല്ലി ജൂലൈ ആദ്യവും അധ്യാപകർ സമരത്തിന് ഇറങ്ങിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശമ്പള ഓഫർ അംഗീകരിച്ചതോടെ അധ്യാപകരുടെ ശരാശരി ശമ്പളം 2,500 പൗണ്ടായി വർദ്ധിക്കുമെന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറി മേരി ബൂസ്റ്റഡ് പറഞ്ഞു. ഇംഗ്ലണ്ടിലെ അധ്യാപകർ ഫെബ്രുവരി മുതൽ എട്ടു ദിവസം പണിമുടക്കിയിട്ടുണ്ട്. ഇത് കാരണം നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. അടുത്ത ടേമിൽ കൂടുതൽ പണിമുടക്കുകൾ നടത്താനായിരുന്നു യൂണിയൻ അംഗങ്ങളുടെ തീരുമാനം. എന്നാൽ ശമ്പള ഓഫർ അംഗീകരിച്ചതിനാൽ ഇനി സമരങ്ങൾ നടത്തില്ലെന്ന് എൻ ഇ യു അറിയിച്ചു.

ഇംഗ്ലണ്ടിലെ എൻ ഇ യു വിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ശമ്പള കരാർ അംഗീകരിച്ചു. ജൂലായ് 13-ന് സർക്കാർ ഏറ്റവും പുതിയ ഓഫർ പ്രഖ്യാപിക്കുകയും യൂണിയൻ നേതാക്കളുമായുള്ള സംയുക്ത പ്രസ്താവനയിൽ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വിശാലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകർക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനവിന് വേണ്ടി ആവശ്യപ്പെട്ട നാല് അധ്യാപക യൂണിയനുകളിൽ ഒന്നാണ് എൻ ഇ യു. വിഷയത്തിൽ രണ്ട് യൂണിയനുകൾ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.