ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഓക്സ്ഫോർഡ് ഷെയർ സ്കൂളിൽ കുട്ടികൾ തമ്മിൽ പരസ്പരം റെസ്‌ലിംങ്ങിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും, കുട്ടികളോടൊപ്പം ചേർന്ന് ഈ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഗാരി സാവജ് എന്ന ഈ അധ്യാപകൻ തന്റെ ജോലിയുടെ അതിരുകൾ ലംഘിച്ചതായി പാനൽ വിലയിരുത്തി. ഓക്സ്ഫോർഡ്ഷെയർ സ്കൂളിൽ മാത്രമല്ല, കെന്റിലും അദ്ദേഹം ഇതേ പ്രവർത്തനം കാഴ്ച വച്ചതായി പാനൽ കണ്ടെത്തി. താൻ ചെയ്തതിന് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടെങ്കിലും, ദീർഘവീക്ഷണമില്ലാതെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും പാനൽ വിലയിരുത്തി. ഇത്തരത്തിലുള്ള അപമര്യാദയായ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിനെതിരെ പതിനേഴോളം പരാതികളാണ് ലഭിച്ചിട്ടുള്ളത് എന്ന് ടീച്ചിംഗ് റെഗുലേഷൻ ഏജൻസി കണ്ടെത്തി.
അറുപത്തിരണ്ടുകാരനായ ഇയാൾ ഓക്സ്ഫോർഡ് ഷെയർ സ്കൂളിൽ മാത്രം നാല് തവണയോളം കുട്ടികളെ ഇത്തരത്തിൽ ഗുസ്തി മത്സരങ്ങൾക്ക് പ്രേരിപ്പിച്ചതായി, ചില മത്സരങ്ങളിൽ ഇയാൾ സ്വയം പങ്കെടുത്തതായും തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മാത്രമാണ് താൻ ശ്രമിച്ചത് എന്നായിരുന്നു അധ്യാപകന്റെ വാദം. ഇതോടൊപ്പം തന്നെ നടന്ന സംഭവങ്ങൾ മറ്റാരുമായും പങ്കു വയ്ക്കരുതെന്നും കുട്ടികളോട് ഇയാൾ നിർദ്ദേശം നൽകിയിട്ടുള്ളതായും പാനൽ കണ്ടെത്തി. ഇത്തരത്തിലുള്ള മത്സരങ്ങൾ താൻ അവസാനിപ്പിച്ചതായി സീനിയർ സ്റ്റാഫുകളോട് ഗാരി നുണയും പറഞ്ഞതായി നിരവധിപേർ വ്യക്തമാക്കി.
ഇയാൾ കുട്ടികൾക്ക് രഹസ്യമായ സന്ദേശങ്ങൾ അയയ്ക്കുകയും, കുട്ടികളെ രഹസ്യമായി തന്റെ ഫ്ലാറ്റിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായും പാനൽ വിലയിരുത്തി. തന്റെ കാറിലും മറ്റും കുട്ടികളെ ഇയാൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള തന്റെ മര്യാദകൾ ഇയാൾ പൂർണമായും ലംഘിച്ചതായി ജൂറി വിലയിരുത്തി. അതിനാൽ തന്നെയാണ് ഗാരിയെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതെന്നും പാനൽ അറിയിച്ചു.
Leave a Reply