ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ യൂണിവേഴ്സിറ്റികളിൽ സമരം മുറുകുന്നു. ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, പെൻഷൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അധ്യാപകർ നടത്തിയ സമരം രൂക്ഷമാവുകയാണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് സമരത്തെ പിന്തുണച്ചു രംഗത്ത് വന്നു. അതേസമയം ക്ലാസുകൾ നഷ്ടപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കുറച്ച് വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം.

അടുത്ത ആഴ്ചയിൽ നടക്കുന്ന സമരത്തിൽ 70,000-ത്തിലധികം ജീവനക്കാർ പങ്കെടുക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. എന്നാൽ എത്രപേരാണ് പങ്കെടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അധ്യാപകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നിരവധി വിദ്യാർത്ഥികളും തെരുവിൽ ഇറങ്ങി.

സമരത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കെന്നാണ് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി വിശേഷിപ്പിച്ചത്. 2.5 ദശലക്ഷം വിദ്യാർത്ഥികളെ പണിമുടക്ക് ബാധിക്കുമെന്നാണ് യൂണിയൻ കണക്കാക്കുന്നത്. ശമ്പള കുറവ്, പെൻഷൻ വെട്ടിചുരുക്കൽ, തൊഴിൽ സാഹചര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വൈസ് ചാൻസലർമാർ വലിയ തുക ശമ്പളം വാങ്ങുമ്പോൾ അധ്യാപകർക്ക് തുച്ഛമായ തുക പോലും ലഭിക്കുന്നില്ല. ഇത് തിരുത്തപ്പെടേണ്ടതാണ്. ഇല്ലാത്തപക്ഷം, വരും വർഷങ്ങളിൽ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. എന്നാൽ സമരം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കൂടുതൽ തടസങ്ങൾ സൃഷ്ടിക്കുന്നത് നിരാശജനകമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ പറഞ്ഞു