ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ പൊതുആരോഗ്യരംഗത്തിന് ഭീഷണിയായി സാങ്കേതിക തകരാർ. 16,000 ത്തോളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതിനെത്തുടർന്ന് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ബന്ധപ്പെടാൻ കഴിയാതെ വന്നു. സെപ്റ്റംബർ 25 നും ഒക്ടോബർ 2 നും ഇടയിൽ 15,841 കേസുകൾ യുകെയിലെ പ്രതിദിന കണക്കുകളിൽ നിന്ന് ഒഴിവായതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ഇതുമൂലം എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസിന് വിവരങ്ങൾ കൈമാറാൻ കാലതാമസം ഉണ്ടായി. വിട്ടുപോയ രോഗികളെ ഇതിനകം അറിയിച്ചിട്ടുണ്ടെങ്കിലും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 16000 പേരുടെ സമ്പർക്ക പട്ടികയിൽ പതിനായിരത്തോളം പേർ വരും. രണ്ടാം ഘട്ട രോഗവ്യാപനം രൂക്ഷമാവുന്ന ഈ സമയത്ത് ഉടലെടുത്ത സാങ്കേതിക തകരാർ ആരോഗ്യമേഖലയ്ക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ഇനിയുള്ള 48 മണിക്കൂറിനുള്ളിൽ കോൺടാക്റ്റുകൾ കണ്ടെത്തണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ കേസുകളെല്ലാം വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇതെല്ലാം ഇംഗ്ലണ്ടിലെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിലുള്ള പൊതുജനവിശ്വാസം മെച്ചപ്പെടുത്തുകയില്ല. ലാബ് റിസൾട്ടുകൾ അടങ്ങിയിരിക്കുന്ന എക് സൽ സ്പ്രെഡ്‌ഷീറ്റ് നിറഞ്ഞതിനെത്തുടർന്നാണ് പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടത്. ഇപ്പോൾ എക് സൽ ഫയലുകൾ ബാച്ചുകളായി വിഭജിച്ച് സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഗുരുതര വീഴ്ച കാരണം കൂടുതൽ ബ്രിട്ടീഷുകാർക്ക് രോഗം ബാധിച്ചിരിക്കാമെന്ന് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി തെരേസ് കോഫി സമ്മതിച്ചു.
ഇത് രാജ്യമെമ്പാടുമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. അതേസമയം, യുകെയിലെ ജനസംഖ്യയുടെ പകുതിയിൽ താഴെ പേർക്ക് കൊറോണ വൈറസ് പ്രതിരോധ കുത്തിവയ് പ് നൽകാമെന്ന് സർക്കാരിന്റെ വാക് സിൻ ടാസ്‌ക്ഫോഴ്‌സ് മേധാവി കേറ്റ് ബിൻഹാം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക് സിനേഷൻ നൽകില്ലെന്നും അവർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, കെയർ ഹോം വർക്കർമാർ, തുടങ്ങിയവരെ കേന്ദ്രീകരിച്ച് 50 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമുള്ള വാക്‌സിനാണിത്.
Leave a Reply