ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- തന്നെ ശാരീരികമായി ദുരുപയോഗം ചെയ്യുകയും റേപ്പ് ചെയ്യുകയും ചെയ്തയാളെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് അയാളുടെ കുടുംബത്തിന് 150, 000 ഡോളർ തുക നഷ്ടപരിഹാരം നൽകുവാൻ കോടതി വിധിച്ചിരിക്കുകയാണ്. പതിനേഴുകാരിയായ പൈപ്പർ ലൂയിസിനാണ് ചൊവ്വാഴ്ച ഐയോവ കോടതി ശിക്ഷ വിധിച്ചത്. 2020 ജൂണിൽ ഡെസ് മോയ്‌നിലെ 37 കാരനായ സക്കറി ബ്രൂക്‌സിനെയാണ് പൈപ്പർ കൊലപ്പെടുത്തിയത്. നരഹത്യയ്ക്കും മനഃപൂർവ്വം പരിക്കേൽപ്പിക്കുന്നതിനും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം അവൾ സമ്മതിക്കുകയും ചെയ്തിരുന്നു. തന്നെ ദത്തെടുത്ത സ്ത്രീയുടെ ക്രൂരമായ പീഡനങ്ങൾ സഹിക്കാൻ വയ്യാതെയാണ് പൈപ്പർ വീടുവിട്ടിറങ്ങിയത്. ഡെസ്മോയ്ന്സിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ഹാൾവെയിൽ കിടന്നുറങ്ങുകയായിരുന്ന പൈപ്പറിനെ 28 കാരനായ ഒരാൾ ആണ് ബ്രൂക്സ് ഉൾപ്പെടെയുള്ള പുരുഷന്മാരുടെ അടുക്കലേക്ക് എത്തിച്ചത്. അവിടെ വെച്ച് ബ്രൂക്സ് നിരവധി തവണ പൈപ്പറിനെ റേപ്പ് ചെയ്യുകയും ചെയ്തു. അതിനെ തുടർന്നാണ് 15 വയസ്സുകാരി ആയ പൈപ്പർ അടുത്തിരുന്ന കത്തി ഉപയോഗിച്ച് ബ്രൂക്സിനെ നിരവധി തവണ കുത്തിയത്.

തുടക്കത്തിൽ പൈപ്പറിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമായിരുന്നു ആരോപിക്കപ്പെട്ടിരുന്നത്. പൈപ്പർ ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉറങ്ങുന്ന സമയത്താണ് ബ്രൂക്സിനെ കൊലപ്പെടുത്തിയത് എന്ന കാരണം മൂലമാണ് ശിക്ഷ ഉണ്ടാകുന്നത് എന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയ് ക്കെതിരെ നിരവധി പേർ ശക്തമായി എതിർത്തിട്ടുണ്ട്. തന്നെ റേപ്പ് ചെയ്ത ഒരാളുടെ കുടുംബത്തിന് ധനസഹായം നൽകാനുള്ള യാതൊരുവിധ ബാധ്യതയും പെൺകുട്ടിക്ക് ഇല്ലെന്ന് നിരവധിപേർ വ്യക്തമാക്കി.