ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഗ്യാങുകൾ വഴി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങൾ
ആശങ്കജനകമാണെന്ന റിപ്പോർട്ട് പുറത്തുവന്നു . ബിബിസി നടത്തിയ അന്വേഷണത്തിൽ ആണ് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറം ലോകം അറിഞ്ഞത് . 14–15 വയസ്സുകാരികളെയാണ് മയക്കുമരുന്ന്, മദ്യം, സമ്മാനങ്ങൾ എന്നിവ നൽകി കെണിയിൽ വീഴിക്കുന്നത് . തങ്ങളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നു നിരവധി ഇരകൾ വ്യക്തമാക്കി. മയക്കുമരുന്ന് നൽകിയാണ് ചിലരെ ബലാത്സംഗത്തിനിരയാക്കിയത് . എന്നാൽ ചിലരെ ഡ്രഗ് വ്യാപാരം, ആയുധ ഇടപാട്, മൊബൈൽ ഫോൺ മോഷണം എന്നി അസാന്മാർഗിക പ്രവർത്തനങ്ങൾക്കായി കെണിയിൽ വീഴിച്ചതായും അന്വേഷണത്തിൽ പറയുന്നു. “ഗ്യാങ് ലോകത്ത് എത്തിപ്പെട്ടാൽ പെൺകുട്ടികൾ ഏറ്റവും താഴത്തെ നിലയിലാണെന്നും ; അവർക്ക് നോ എന്ന് പറയാൻ കഴിയില്ല എന്നും മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ജോൺ നോക്സ് വ്യക്തമാക്കി.

ഗ്യാങ് ചൂഷണത്തെ കുറിച്ചുള്ള ദേശീയ ശ്രദ്ധ വടക്കൻ ഇംഗ്ലണ്ടിലെ റോതർഹാം, റോച്ച്ഡെയ്ൽ, ഓൾഡ്ഹാം എന്നിവിടങ്ങളിലേക്കാണ് മുൻപ് കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ലണ്ടനിലും സമാന രീതിയിലുള്ള ചൂഷണം വ്യാപകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ജാതി-വർഗ്ഗ പശ്ചാത്തലങ്ങളിലുള്ള ഗ്യാങുകളാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ എല്ലാ തരത്തിലുള്ള ബാല ലൈംഗിക ചൂഷണത്തെയും ശക്തമായി നേരിടാൻ പൊലീസ് സംവിധാനത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.

മെട്രോപൊളിറ്റൻ പൊലീസ് ഓരോ വർഷവും ഏകദേശം 2,000 ബാല ചൂഷണ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി വ്യക്തമാക്കി. ഇതിൽ ലൈംഗിക ചൂഷണവും ക്രിമിനൽ ചൂഷണവും ഉൾപ്പെടുന്നു. ദേശീയ അവലോകനത്തിന് പിന്നാലെ 1,200 കേസുകൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചു. ഇതോടൊപ്പം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്. ഇരകളുടെ മൊഴികൾ പ്രകാരം, പലരും തകർന്ന കുടുംബ പശ്ചാത്തലവും ദാരിദ്ര്യവും മാനസിക ഒറ്റപ്പെടലും മൂലം ഗ്യാങുകളുടെ വലയത്തിൽപ്പെടുന്നതായും സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.











Leave a Reply