കടുപ്പമേറിയ പരീക്ഷകള്‍ പാസാവാന്‍ വിദ്യാര്‍ത്ഥികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐടിവി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 14 വയസുകാരിലാണ് ആ പ്രവണത ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കടുപ്പമേറിയ ജിസിഎസ്ഇ പരീക്ഷ നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഇവരില്‍ മിക്കവരും നിരോധിത മരുന്നുകള്‍ തേടി പോകുന്നത്. ഐടിവി നടത്തിയ മോണിംഗ് ഷോയില്‍ ഒരു വിദ്യാര്‍ത്ഥിനി താന്‍ പരീക്ഷ പാസാവാന്‍ ഇത്തരം മരുന്ന് ഉപയോഗിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ചപ്പോള്‍ മാനസിക പിരിമുറുക്കത്തില്‍ അയവു വന്നതായി വിദ്യാര്‍ത്ഥിനി പറയുന്നു. പരീക്ഷ നല്‍കിയ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് മരുന്നെടുക്കാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
അതേസമയം അല്‍പ്പ നേരത്തെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുമെന്നല്ലാതെ ഈ മരുന്നുകള്‍ മറ്റു ഉപകാരങ്ങളൊന്നും ചെയ്യില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുള്ള മരുന്നുകളാണ് ഇവ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഇത്തരം മരുന്നുകള്‍ യുകെയില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരുന്നുകള്‍ ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. വെറും 30 സെക്കന്റ് മാത്രം നീളുന്ന ഗൂഗിള്‍ സെര്‍ച്ചില്‍ നമുക്ക് ഇത്തരം മരുന്നുകള്‍ ലഭ്യമാകും. മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ വഴി തിരയുന്നവര്‍ വേഗത്തില്‍ തന്നെ ഇത്തരം മരുന്നുകളുടെ പരസ്യത്തില്‍ ആകൃഷ്ടരാകും. എന്നാല്‍ നിരോധിത മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ അന്വേഷിക്കുകയുമില്ല.
സമീപകാലത്താണ് ജിസിഎസ്ഇ പരീക്ഷകള്‍ കൂടുതല്‍ കടുപ്പമേറിയതാക്കിയതായി എജ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കുന്നത്. പരീക്ഷകള്‍ കടുപ്പമേറിയതാക്കി മാറ്റുന്നതിന്റെ മറ്റൊരു വശമാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. നിരോധിത മരുന്നുകള്‍ ലഭിക്കുന്നത് സംബന്ധിച്ച ഓണ്‍ലൈന്‍ വിവരങ്ങള്‍ തനിക്ക് വെറും ഒരു മിനിറ്റുകൊണ്ട് ലഭിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയ വിദ്യാര്‍ത്ഥിനി പറയുന്നു. ആദ്യവര്‍ഷ സമ്മര്‍ പരീക്ഷ താന്‍ വിചാരിച്ചതിനെക്കാളും കടുപ്പമേറിയതാകുമെന്ന് മറ്റുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥിനി പറയുന്നു. ഇതാണ് തന്നെ മരുന്നെടുക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം സമൂഹമാധ്യമങ്ങൡ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Leave a Reply