ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗിൽഡ്ഫോർഡിൽ 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് ലൂയിസ് ഗബ്രിയേൽ ഗ്വെംബെസ് എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . തിങ്കളാഴ്ച വൈകിട്ട് 6.10ന് സ്റ്റോക്ക് പാർക്കിന് സമീപമുള്ള ലിഡോ റോഡിലെ വനപ്രദേശത്ത് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

15 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനൊപ്പം കവർച്ചയ്ക്ക് ഗൂഢാലോചന നടത്തിയതും കത്തി പോലുള്ള മൂർച്ചയുള്ള ആയുധം കൈവശം വെച്ചതുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ.

പ്രതികളെ ശനിയാഴ്ച ഗിൽഡ്ഫോർഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സറി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊതുജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് വ്യക്തമാക്കി.











Leave a Reply