ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ ആക്രമണത്തിനിരയായ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 29 ബുധനാഴ്ച രാത്രി 11 മണിയോടെ കിംഗ്സ് ഹീത്തിലെ യോർക്ക് റോഡിൽ വെച്ചാണ് സംഭവം. 73 വയസ്സുള്ള ഒരാൾ ആക്രമിക്കപ്പെട്ടതായിട്ടാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറയുന്നത്. ഡിസ്പ്ലേ ബോർഡിൽ ഇടിച്ച ശേഷം ഇരയുടെ തലയ്ക്ക് പരിക്കേറ്റു, കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബുധനാഴ്‌ച വൈകുന്നേരം കിംഗ്‌സ് ഹീത്തിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ബർമിംഗ്ഹാം പോലീസ് ട്വീറ്റ് ചെയ്തു. കേസിൽ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ് ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം പറയുന്നത്.
എന്നാൽ, കഴിഞ്ഞയാഴ്ച എഡ് ജ്ബാസ്റ്റണിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് നേരെ നടന്ന ആക്രമണവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഒത്തിരിപേർ വീഡിയോ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അവസാനിപ്പിക്കണമെന്നും പോലീസ് പറഞ്ഞു. ഇരയുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു.
യുകെയിൽ വംശീയതയോട് ബന്ധപ്പെട്ട ആക്രമണങ്ങൾ നിരവധി തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിക്ക് നേരെ ഉണ്ടായത് ഇത്തരത്തിലുള്ള ആക്രമണമാണോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വംശീയ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും കടുത്ത ശിക്ഷ ഏറ്റുവാങ്ങുന്ന കുറ്റകൃത്യങ്ങളാണ്.