ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോളേജുകളിലും സ്കൂളുകളിലും പുതിയ ജോലി സാധ്യതകളെ കുറിച്ചുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ചർച്ചകളിൽ എൻഎച്ച് എസിന് ഒന്നാം സ്ഥാനം. 4000 യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ ഡോക്ടറും നേഴ്സുമാരുമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തി. ബിബിസി നടത്തിയ സർവ്വേയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 18നും 16നും ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇഷ്ടപ്പെടുന്ന തൊഴിൽ ദാതാവ് എൻഎച്ച്എസ് ആണ് .

എൻഎച്ച്എസിലെ ജോലി സാധ്യതകളെ കുറിച്ച് അറിയാനുള്ള വിവിധ സെമിനാറുകളിലും ചർച്ചകളിലും യുകെയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇത്തരം ക്ലാസുകളും ചർച്ചകളും എൻഎച്ച് എസിലെ വിവിധ ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. എൻഎച്ച്എസിൽ ജോലി ലഭിക്കാൻ ഏത് രീതിയിലുള്ള കോഴ്സുകളും പരിശീലനങ്ങളും ആണ് കുട്ടികൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വിദഗ്ധർ നയിച്ച ക്ലാസുകൾ പുതിയ തലമുറയെ എൻഎച്ച്എസുമായി ബന്ധിപ്പിക്കുന്നതിന് ഉപകാരപ്രദമായിരുന്നു.

എൻ എച്ച് എസിൽ 350-ലധികം വ്യത്യസ്ത തൊഴിൽ അവസരങ്ങളാണ് ഉള്ളത് . ഡോക്ടർമാർ, നേഴ്സുമാർ, ഐടി പ്രൊഫഷണലുകൾ, ഹെൽത്ത് കെയർ സയൻ്റിസ്റ്റുകൾ, ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ മുതൽ മിഡ്‌വൈഫ്‌മാർ, നേഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

2031 ഓടുകൂടി മെഡിസിൻ സ്കൂളുകളിൽ പരിശീലനം ലഭിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ജി പി പരിശീലനം ലഭിക്കുന്നവരുടെ എണ്ണം 50 % വർദ്ധിപ്പിച്ച് 6000 ആക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഏകദേശം 10 വർഷം കഴിയുമ്പോൾ ആരോഗ്യ സേവനത്തിന് കുറഞ്ഞത് 60,000 ഡോക്ടർമാരും 170,000 നേഴ്സുമാരും 71,000 ഓളം മറ്റ് ആരോഗ്യ വിദഗ്ധരും ആവശ്യമായി വരുമെന്നാണ് ഏകദേശ കണക്കുകൾ.