ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്ക് :- ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫല്ലോയിൽ ശനിയാഴ്ച ഉച്ചയ്ക്ക് സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ ഇയാളുടെ പേർ പോലീസ് അധികൃതർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് വളരെ തിരക്കേറിയ സൂപ്പർമാർക്കറ്റിലേക്കു അക്രമി പ്രവേശിച്ചതായും, ആക്രമണം നടത്തുന്നത് റെക്കോർഡ് ചെയ്യാനായി ലൈവ് സ്ട്രീം ക്യാമറ ഉപയോഗിച്ചതായും പൊലീസ് അധികൃതർ വ്യക്തമാക്കി. വംശീയ വിദ്വേഷം ആണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി മണിക്കൂറുകൾ യാത്രചെയ്താണ് ആക്രമി നഗരത്തിലെ കറുത്തവർഗക്കാർ കൂടുതലുള്ള ഈ സ്ഥലത്ത് എത്തിയത്. വെടിയേറ്റവരിൽ ഭൂരിഭാഗവും കറുത്തവർഗക്കാർ ആയിരുന്നു എന്ന് ബഫല്ലോ പോലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗലിയ വ്യക്തമാക്കി.
പരിക്കേറ്റ മൂന്ന് പേരും സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് സാരമായ പരുക്കുകളില്ല എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെക്കാൻ ശ്രമിച്ചുവെങ്കിലും, അദ്ദേഹം പിന്നീട് വെടിയേറ്റുമരിച്ചു. അക്രമിയുടെ പക്കൽ വളരെയധികം പവറുള്ള റൈഫിൾ ആണ് ഉണ്ടായിരുന്നതെന്നും, അതോടൊപ്പം തന്നെ ഇയാൾ രക്ഷാകവചവും, ഹെൽമറ്റും ധരിച്ചിരുന്നതായും പോലീസ് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനിടെ അദ്ദേഹം വംശീയ അധിക്ഷേപങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തിലുള്ള തന്റെ ദുഃഖം രേഖപ്പെടുത്തി.
Leave a Reply