തിരുനെവല്‍വേലി: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. തിരുനെല്‍വേലിയില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പിയുടെ യാത്ര. ഇന്ന് രഥയാത്ര തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില രഥയാത്ര തകര്‍ക്കുമെന്നാരോപിച്ച് ഡി.എം.കെ ആക്ടിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും നാല് സ്വതന്ത്ര അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് റോഡില്‍ സമരം നടത്തിയ സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിടുതലൈ ചിരുത്തൈഗള്‍ കക്ഷിയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

സാമൂഹിക സൗഹാര്‍ദ്ദത്തിനുള്ള ശബ്ദങ്ങളെയാണ് 144 കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമര്‍ത്തുന്നതെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട് സര്‍ക്കാര്‍ മറ്റാര്‍ക്കോ വേണ്ടി തുള്ളുകയാണ്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.