വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന സോണി മ്യൂസിക്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രണ്ടു ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത് ഭീകര രംഗങ്ങള്‍. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. രണ്ട് ക്യാന്റീന്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ സ്വയരക്ഷക്ക് ടേബിളുകള്‍ക്ക് അടിയില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഉടമയായ സൈമണ്‍ കോവല്‍ ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റതിനെത്തുടര്‍ന്ന് മാരകമായ മുറിവുകളോടെ ആശുപത്രിയിലാണ്.
ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേറ്ററിംഗ് ടീമിലെ രണ്ടു പേര്‍ തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു ഇതെന്ന് സോണി മ്യൂസിക് വക്താവ് പിന്നീട് അറിയിച്ചു. മെട്രോപോളിറ്റന്‍ പോലീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ക്യാന്റീനില്‍ നിന്ന് നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. പിന്നീട് ഇവര്‍ സ്വരക്ഷക്കായി മേശകള്‍ക്ക് കീഴില്‍ കയറി. കേറ്ററിംഗ് ജീവനക്കാരില്‍ ഒരാള്‍ മറ്റേയാളെ കത്തിയുമായി ഓടിക്കുകയായിരുന്നു. ഇരുവരുടെയും കയ്യില്‍ കത്തിയുണ്ടായിരുന്നു. ഓട്ടത്തിനിടയില്‍ പരസ്പരം ആക്രമിക്കാന്‍ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്വകാര്യ കേറ്ററിംഗ് കമ്പനിയാണ് ഇവരെ നിയമിച്ചിട്ടുള്ളത്. പിന്നീട് ആംഡ് പോലീസ് രംഗത്തെത്തുകയും എല്ലാ ജീവനക്കാരെയും ഓഫീസില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. ആറോ ഏഴോ ഇഞ്ച് നീളമുള്ള കിച്ചന്‍ കത്തിയുപയോഗിച്ചുള്ള കുത്താണ് ഒരാള്‍ക്ക് ഏറ്റത്. തുടക്കു മേലാണ് ഇയാള്‍ക്ക് കുത്തേറ്റതെന്ന് സംഭവത്തിന് സാക്ഷികളായ ജീവനക്കാര്‍ പറയുന്നു.
Leave a Reply