ലണ്ടന്‍: വീടുകള്‍ കുത്തിതുറക്കാന്‍ പുതിയ വഴി കണ്ടുപിടിച്ച് മോഷ്ടാക്കള്‍. യു.കെയില്‍ സമീപകാലത്ത് നടക്കുന്ന മോഷണങ്ങള്‍ക്ക് ഒരേ സ്വഭാവമെന്നും വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള വീടുകളില്‍ പോലും യഥേഷ്ടം കയറി മോഷണം നടത്താന്‍ സഹായിക്കുന്നതാണ് പുതിയ മോഷണ രീതി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലാണ് സമീപകാലത്തെ ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് ലോക്കുകള്‍ ഇളക്കി മാറ്റുന്നതാണ് മോഷ്ടാക്കളുടെ പുതിയ രീതി. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വിപണികളില്‍ സുലഭമായി ലഭിക്കുന്ന ബ്ലോടോര്‍ച്ചുകള്‍ ഉപയോഗിച്ച് ലോക്ക് ഉരുക്കിയ ശേഷം ഇളക്കിയെടുക്കുകയാണ് രീതി.

ബ്രാഡ്‌ഫോര്‍ഡിലെ വീട്ടില്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ മോഷണം സമാനരീതിയിലായിരുന്നു. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് വാതിലിന്റെ ലോക്ക് തകര്‍ത്ത ശേഷം വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ ഇവര്‍ കൈക്കലാക്കി. ഏതാണ്ട് 30,000 പൗണ്ട് വില വരുന്ന ഓഡി എസ്-3 മോഡല്‍ കാറാണ് വീട്ടുകാര്‍ക്ക് നഷ്ടമായത്. സമാന രീതിയിലുള്ള കുറ്റകൃത്യം നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പി.വി.സി ഡോറുകളെയാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വാഹനങ്ങള്‍ വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മോഷ്ടാക്കള്‍ കൈക്കലാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം തോന്നിയത് ദേഷ്യമാണ്, പിന്നീടത് അവിശ്വസിനീയമായി തോന്നുകയും ചെയ്തുവെന്ന് മോഷണത്തിനിരയായ തൈ്വറ അബ്ദുല്‍ ഖാലിദ് പ്രതികരിച്ചു. ലോക്ക് കത്തിയമര്‍ന്നതിനാല്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും തൈ്വറ പറഞ്ഞു. സെഡ്ജ്ഫീല്‍ഡ്, നോര്‍ത്തേണ്‍ യോര്‍ക്ക്‌ഷെയര്‍, വെസ്റ്റ് യോര്‍ക്ക്‌സ് തുടങ്ങിയ സ്ഥലങ്ങളിലും സമാന മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് വഴി മാത്രമാണ് ഇത്തരം മോഷണങ്ങള്‍ക്ക് തടയിടാന്‍ കഴിയൂവെന്ന് പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അലാറം വീടുകളില്‍ സ്ഥാപിക്കുന്നത് വഴിയും ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 101 അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.