മോണ്‍ട്രിയല്‍: 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനം അടിയന്തര സാഹചര്യത്തില്‍ 7000 അടി താഴ്ത്തിയാല്‍ എന്തായിരിക്കും യാത്രക്കാരുടെ സഅവസ്ഥ. അതും ക്യാബിന്‍ പ്രഷര്‍ കുറഞ്ഞിട്ടാണെങ്കിലോ. ഓക്‌സിജന്‍ മാസ്‌കിനായുള്ള പരക്കം പാച്ചിലും നിലവിളികളുമൊക്കെയായി ജീവന്‍ മരണപ്പോരാട്ടമായിരിക്കും വിമാനത്തിനുള്ളില്‍ നടക്കുക. എന്നാല്‍ മെക്‌സിക്കോയില്‍ നിന്ന് മോണ്‍ട്രിയലിലേക്ക് പറക്കുകയായിരുന്ന എയര്‍ ട്രാന്‍സാറ്റ് വിമാനത്തിലെ ഒരു യാത്രക്കാരി ഇക്കാര്യത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ മാസ്‌കിനായി മറ്റുള്ള യാത്രക്കാര്‍ക്കൊപ്പം പരാക്രമം നടത്തുമ്പോളും സെല്‍ഫിയെടുക്കാന്‍ സമയം കണ്ടെത്തിയ യാത്രക്കാരിയാണ് എല്ലാവരേയും അതിശയിപ്പിച്ചത്.
ക്യാബിനില്‍ മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്ന് അമേരിക്കയിലെ ജോര്‍ജിയയ്ക്കു മുകളിലൂടെ പറക്കുകയായിരുന്ന വിമാനം 37,000 അടിയില്‍ നിന്ന് 30,000 അടിയിലേക്ക് രണ്ടു മിനിറ്റിനുള്ളില്‍ താഴ്ത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് പൈലറ്റ് വിമാനം താഴ്ത്തിയത്. എന്നാല്‍ വലിയൊരു ശബ്ദം കേട്ടെന്നും വിമാനത്തിനുള്ളില്‍ എന്തോ കത്തിയതിന്റെ മണം പരന്നുവെന്നും ക്യാബിന്‍ ക്രൂ അഗ്നിശമന സംവിധാനങ്ങളുമായി നില്‍ക്കുന്നത് കണ്ടുവെന്നും മേരി ഈവ് എന്ന യാത്രക്കാരി പറഞ്ഞു. എന്നാല്‍ അത് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആയിരുന്നുവെന്ന് എയര്‍ ട്രാന്‍സാറ്റ് അറിയിച്ചു.
ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തേക്ക് വരികയും വിമാനം അസാധാരണമായി താഴേക്ക് കുതിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം ഉണ്ടായ സാങ്കേതികത്തകരാറിനേത്തുടര്‍ന്നായിരുന്നു സംഭവമെന്ന് വിമാനക്കമ്പനി സ്ഥിരീകരിച്ചു. വിമാനം അടിയന്തരമായി താഴ്ത്തി അടുത്ത മൂന്നു മിനിറ്റിനുള്ളില്‍ 25,000 അടിയിലേക്ക് എത്തിക്കുകയും ചെയ്തു. കോക്പിറ്റില്‍ നിമന്ന് പുറത്തു വന്ന പൈലറ്റ് എന്താണ് സംഭവിച്ചതെന്ന് യാത്രക്കാരോട് വിശദമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള യാത്രയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും എയര്‍ ട്രാന്‍സാറ്റ് അറിയിച്ചു.