ലണ്ടന്‍: വനിതാ മാധ്യമപ്രവര്‍ത്തകയായ ലൈറ മക്കിയുടെ കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അന്വേഷണത്തിന് സഹായിക്കുന്ന ചില കാതലായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 18ഉം 19ഉം വയസുള്ള ചെറുപ്പക്കാരാണ് കൊലപാതകത്തിന് ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകളിലേക്കും അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്ത് പുതിയ രൂപഘടനയിലും ഭാവത്തിലും തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നതായി സംശയമുണ്ടെന്ന് കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് ശക്തിപ്പെടാന്‍ കാരണം പിടിയിലാവര്‍ പോലീസിന് നല്‍കിയ മൊഴിയാണ്.

തങ്ങള്‍ തീവ്രസ്വഭാവമുള്ള സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇരുവരും സമ്മതിച്ചതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ സമാന ഗ്രൂപ്പുകള്‍ നിരവധിയുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി നിലപാടെടുക്കുമെന്ന് അന്വേഷണസംഘത്തിന്റെ തലവന്‍ ഡിറ്റക്ടീവ് ജെയ്‌സണ്‍ മര്‍ഫി വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യൂ ഐആര്‍എ'(New IRA) എന്നാണ് അറസ്റ്റിലായവരുടെ സംഘടനയുടെ പേര്. ഇത് ഡിക്ടീവ് മര്‍ഫി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈറ മക്കിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായിട്ടാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM

29കാരിയായ ലൈറ മക്കി രാജ്യം ശ്രദ്ധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായി മാറേണ്ടവളായിരുന്നുവെന്നും എല്ലാവരോടും മനസില്‍ സ്‌നേഹം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും പാട്ണര്‍ പ്രതികരിച്ചു. ലൈറയ്ക്ക് ആദരവര്‍പ്പിച്ച് നൂറ് കണക്കിന് പേരാണ് കലാപം നടന്ന തെരുവിലെത്തിയത്. ലൈറയുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പൂക്കളുമായിട്ടാണ് ലൈറയ്ക്ക് ആദരവര്‍പ്പിക്കാനെത്തിയത്.