ടെസ്‌കോയുടെ നോണ്‍ഫുഡ് വെബ്‌സൈറ്റായ ടെസ്‌കോ ഡയറക്ട് അടച്ചുപൂട്ടുന്നു. സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ നടത്തിയ വിലയിരുത്തലിനു ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ടെസ്‌കോ അറിയിച്ചു. സൈറ്റ് നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 9 മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ല. ഇതിനൊപ്പം സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ കൈകാര്യം ചെയ്തിരുന്ന മില്‍ട്ടന്‍ കെയിന്‍സിലെ ഫെന്നിലോക്കിലുള്ള ഫുള്‍ഫില്‍മെന്റ് സെന്ററും നിര്‍ത്തലാക്കും. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവയുടെ വിതരണം ഈ സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകളിലൂടെയായിരുന്നു നടത്തിയിരുന്നത്.

ഇപ്പോള്‍ നല്‍കുന്ന ഓര്‍ഡറുകളില്‍ ഡെലിവറി താമസിക്കാനിടയുണ്ടെന്ന് ടെസ്‌കോ പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ 2 മുതല്‍ 5 ദിവസം വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനായി എടുക്കാറുണ്ട്. ഇവ നല്‍കുന്നതില്‍ താമസം നേരിടുകയാണെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗം ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും വെബ്‌സൈറ്റ് അറിയിക്കുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലും ഫുള്‍ഫില്‍മെന്റിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഈ തീരുമാനം 500ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രോസറികളും നോണ്‍ ഫുഡ് ഉല്‍പ്പന്നങ്ങളും ഒരു സ്ഥലത്തു നിന്ന് തന്നെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനത്തെക്കുറിച്ചാണ് കമ്പനി ആലോചിക്കുന്നതെന്ന് ടെസ്‌കോ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് തലവന്‍ ചാള്‍സ് വില്‍സണ്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്നും വില്‍സണ്‍ വ്യക്തമാക്കി. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 2022ഓടെ തങ്ങളുടെ നൂറിലേറെ സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നീക്കവുമായി ടെസ്‌കോ രംഗത്തെത്തിയിരിക്കുന്നത്.