ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടെസ്കോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം 5.2 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഞായറാഴ്ച ജോലി ചെയ്യുന്നവർക്ക് നൽകിയിരുന്ന അധിക വേതനം നിർത്തലാക്കും. യൂണിയനുകളുമായുള്ള കരാറിൽ എത്തിയതിന് ശേഷം മാർച്ച് 30 മുതൽ മണിക്കൂർ നിരക്ക് ആയ 43p വർദ്ധിച്ച് £12.45 ആയി ഉയരുമെന്ന് യുകെയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖല അറിയിച്ചു.

അടുത്ത ആഗസ്റ്റ് മാസം മുതൽ ശമ്പളം 12.64 പൗണ്ട് ആയി വീണ്ടും ഉയരും. യുകെയിൽ അടുത്തമാസം മുതൽ ദേശീയ മിനിമം വേതനം മണിക്കൂറിന് 12.21 ആയി വർദ്ധിക്കും . ടെസ്കോ നടപ്പിലാക്കുന്ന ശമ്പള വർദ്ധനവ് യുകെയുടെ ദേശീയ മിനിമം വേതനത്തേക്കാൾ അൽപം കൂടുതലാണ്. എന്നിരുന്നാലും ഞായറാഴ്ച ജോലി ചെയ്യുന്നതിന് നൽകിയിരുന്ന 10 ശതമാനം ശമ്പള ബോണസ് നിർത്തലാക്കുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശമ്പള വർദ്ധനവിന് ധനസഹായം നൽകുന്നതിനായി ചെലവഴിച്ച £180 മില്യൺ ഒരു സുപ്രധാന നിക്ഷേപം ആണെന്ന് ടെസ്‌കോയുടെ യുകെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ തൊഴിലാളികളുടെ ശമ്പള നിരക്ക് മണിക്കൂറിൽ £13.66 ആയും പിന്നീട് £13.85 ആയും വർദ്ധിക്കുമെന്ന് യു എസ് ഡി എ ഡബ്ല്യു യൂണിയൻ അറിയിച്ചു. ട്രേഡ് യൂണിയനുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പണപ്പെരുപ്പ നിരക്കിന് മുകളിലുള്ള ശമ്പള വർദ്ധനവ് വരുന്നത്.

കൂടുതൽ ജീവനക്കാരെ ആകർഷിക്കുന്നതിനായി പല വലിയ സൂപ്പർ മാർക്കറ്റുകളും ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ജനുവരിയിൽ സൈൻസ്ബറിസ് മണിക്കൂറിലെ വേതനം 5 ശതമാനം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. കഠിനമായ വില കയറ്റം കൈകാര്യം ചെയ്യുന്നതിന് വേതന വർദ്ധനവ് ജീവനക്കാരെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും 2025 – ൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് കടുത്ത ജാഗ്രത കമ്പനി പുലർത്തുമെന്നാണ് അറിയാൻ സാധിച്ചത്. ജർമ്മൻ ഉടമസ്ഥതയിലുള്ള ഡിസ്കൗണ്ട് ശൃംഖലയായ ലിഡലും ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതുപോലെ മണിക്കൂറിന് £12.40 ൽ നിന്ന് £12.75 ആയി ശമ്പളം ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ മിനിമം വേതനത്തോടൊപ്പം, തൊഴിലുടമകൾ നൽകേണ്ട നാഷണൽ ഇൻഷുറൻസ് സംഭാവനകളും ഏപ്രിലിൽ വർദ്ധിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് ഒക്ടോബർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.