ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർ‍ട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി ഭാർട്ടി ജീവിതത്തോടു വിട പറയുകയായിരുന്നു. ഫാമിലി അറ്റോർണി ജെയിംസ് ലസ്സിറ്ററാണ് ഷഹാനിയുടെ മരണം നവംബർ 11 ന് ഔദ്യോഗികമായി അറിയിച്ചത്.

ഭാർട്ടി സമൂഹത്തിലും കോളജിലും ഒരു ഷൈനിങ് സ്റ്റാറായിരുന്നുവെന്നാണ് അറ്റോർണി വിശേഷിപ്പിച്ചത്.ടെക്സസ് എ ആന്റ് എം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഭാർട്ടി പഠനം പൂർത്തിയാക്കി പിതാവിന്റെ ബിസിനസ്സിൽ പങ്കു ചേരാനായിരുന്നു പരിപാടി.

മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സ്വാന്തനമേകി ഭർത്താവ് സണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഭാർട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കും ചികിത്സക്കുമായി തുടങ്ങിയ ഗോ ഫണ്ട്മിയിലൂടെ 60,000 ഡോളർ ഇതിനകം പലരും നൽകി കഴിഞ്ഞു. 750000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.