ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. വില്‍സണ്‍ കൗണ്ടിയിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ അതിക്രമിച്ചു കടന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പള്ളിക്ക് സമീപം താമസിക്കുന്ന ഒരാള്‍ തോക്ക് പിടിച്ചു വാങ്ങി ഇയാളെ വെടിവെച്ചപ്പോള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഗ്വാഡാലുപ് കൗണ്ടിയില്‍ കാര്‍ ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തി. യുവാവ് കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.
ഡെവിന്‍ പാട്രിക് കെല്ലി എന്ന 26 കാരനാണ് അക്രമിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കറുത്ത വസ്ത്രത്തിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ചിട്ടുണ്ടായിരുന്നു. 5 വയസ് മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ പാസ്റ്റര്‍ ഫ്രാങ്ക് പോമെറോയിയുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 11 മണിക്കാണ് പള്ളിയില്‍ സര്‍വീസ് ആരംഭിച്ചത്. 11.20ഓടെ പള്ളിയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കെല്ലിയുടെ തോക്ക് പിടിച്ച് വാങ്ങി വെടിയുതിര്‍ത്ത അയല്‍വാസി ഇയാളെ പിന്തുടര്‍ന്നെങ്കിലും വാഹനത്തില്‍ കയറി കെല്ലി രക്ഷപ്പെട്ടു. ഇയാള്‍ മരിച്ചത് വെടിയേറ്റാണോ അതോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പള്ളിക്കുള്ളില്‍ വെടിയേറ്റ് 23 പേരും രണ്ട് പേര്‍ പുറത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിക്കുകയായിരുന്നു.
Leave a Reply