ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു എസിൽ ടെക്സസിലെ ജൂത പള്ളിയിൽ പ്രാർത്ഥനയ് ക്കെത്തിയ നാലുപേരെ ബന്ദികളാക്കിയ സംഭവത്തിൽ പ്രതി ബ്രിട്ടീഷ് പൗരനെന്ന് റിപ്പോർട്ട്. നാല്പത്തിനാലുകാരനായ മാലിക് ഫൈസൽ അക്രം എന്ന ബ്രിട്ടീഷ് പൗരനാണ് പ്രതി എന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച ആരാധന നടക്കുന്നതിനിടയിലാണ് ഇയാൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയത്. പത്ത് മണിക്കൂറോളം പോലീസുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി. ബന്ദികളാക്കിയ നാലുപേരെയും അപകടങ്ങൾ ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ പോലീസിന് സാധിച്ചു. അപലപനീയമായ ഒരു സംഭവമാണ് നടന്നതെന്ന് യുകെയും യു എസും ഒരുപോലെ പ്രതികരിച്ചു. ജൂതൻമാർക്ക് എതിരെയുള്ള ആക്രമണം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും, ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിൽ യുഎസിനു ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ് അറിയിച്ചു.
യാതൊരു തരത്തിലുള്ള സ്ഫോടകവസ്തുക്കളും അക്രമിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് മാലിക്കെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ സഹോദരന് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും എങ്ങനെയാണ് യുഎസിൽ പ്രവേശിക്കാൻ സാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതോടൊപ്പം തന്നെ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ മാഞ്ചസ്റ്ററിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ വൻ വിവാദങ്ങൾക്ക് കാരണം ആകാവുന്നതാണ് ഈ സംഭവം.
Leave a Reply