തായ്ലന്ഡില് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളെ ജീവനോടെ കണ്ടെത്തി. 12 കുട്ടികളെയും അവരുടെ കോച്ചിനെയും ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരാണ് കണ്ടെത്തിയത്. ഒരു ഉയര്‍ന്ന പാറയില്‍ കയറിയിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ചിയാങ് റായിയിലെ താം ലുവാങ് ഗുഹയിലാണ് ഇവര്‍ കുടുങ്ങിയത്. 400 മീറ്റര്‍ ഉള്ളിലേക്ക് പോയ ഇവര്‍ ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ പട്ടായ ബീച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പാറയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 13 അംഗ സംഘത്തെ തിരിച്ചെത്തിക്കുന്നത് കാലതാമസം നേരിടുന്ന പ്രവൃത്തിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇരിക്കുന്ന സ്ഥലത്തേക്കുള്ള പാതകളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ മുങ്ങാംകുഴിയിട്ട് നീന്താനുള്ള പരിശീലനമുള്‍പ്പെടെ നല്കി മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണെങ്കില്‍ നാല് മാസമെങ്കിലും വേണ്ടിവന്നേക്കും.
ഇക്കാലയളവില്‍ ഇവര്‍ക്കായുള്ള ഭക്ഷണവും മരുന്നും മറ്റും പുറത്തു നിന്ന് എത്തിക്കേണ്ടതായി വരും. ഈ ഗുഹയില്‍ മഴക്കാലത്താണ് വെള്ളം നിറയാറുള്ളത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ വെള്ളം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഈ സമയത്ത് ചെളി നിറഞ്ഞ വെള്ളമായിരിക്കും ഗുഹയില്‍ നിറഞ്ഞിരിക്കുക. പരസ്പരം കാണാന്‍ പോലും കഴിയാത്ത വെള്ളത്തിലൂടെ മുങ്ങി നീന്താന്‍ കുട്ടികളെയും കോച്ചിനെയും പഠിപ്പിച്ചെടുക്കാനുമാകില്ല. ഗുഹയിലെ വെള്ളം പമ്പു ചെയ്ത് കളയാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ലെന്നാണ് വിവരം.
Leave a Reply