തലശ്ശേരിയെ നടുക്കി ആറുവർഷത്തിനിടെ ഒരു കുടുംബത്തിൽ മരിച്ചത് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ. അതിൽതന്നെ നാലുമാസത്തിനിടെ ഉണ്ടായത് മൂന്നു മരണം. ഛർദിയെ തുടർന്നായിരുന്നു നാലു മരണങ്ങളും. പിണറായി പടന്നക്കരയിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെ വണ്ണത്താംവീട്ടിലാണ് ഒരേ കാരണത്താൽ തുടർച്ചയായ മരണങ്ങളുണ്ടായത്.
പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര വയസ്), എന്നിവര്‍ മരിച്ച സംഭവത്തിലാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ ഘട്ടങ്ങളിലായി 25 പേരെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്. മാതാപിതാക്കളും പേരക്കുട്ടികളുമുള്പ്പെടെ നാലുപേര്‍ മരിച്ച കുടുംബത്തില്‍ അവശേഷിക്കുന്ന ഏക അംഗമായ മകൾ സൗമ്യ (28) ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടയില്‍ സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി ബഹളം വെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നു വിലപ്പെട്ട ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുള്ളതായിട്ടാണ് അറിയുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സൗമ്യയെ കാണാന്‍ സന്ദര്‍ശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ സന്ദര്‍ശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനുപുറമെ വനിതാ പോലീസിന്റെ കാവലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിലാണ് സൗമ്യയെ കാണാന്‍ യുവാവ് ആശുപത്രിയിലെത്തിയത്. ബന്ധുക്കള്‍ക്ക് പരിചയമില്ലാത്ത യുവാവാണ് സൗമ്യയെ കാണാനെത്തിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്വേഷണ സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും അറിയുന്നു. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ കേസിന്റെ ചുരുളഴിയുകയുള്ളൂ. ഫോറൻസിക് സംഘം ഇന്നലെ ഇവരുടെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ പേസ്റ്റ് രൂപത്തിലുള്ള വസ്തു കാണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രാസപരിശോധനയില്‍ മാത്രമേ പേസ്റ്റ് രൂപത്തിലുള്ള വസ്തുവിന്റെ സ്വഭാവം വ്യക്തമാകുകയുള്ളൂ. അതുകൊണ്ടു തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് പോലീസ് സംഘം. ഇതിനിടയില്‍ അന്വേഷണ സംഘം പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ പ്രഫ.ഗോപാലകൃഷ്ണപ്പിള്ളയുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസായതിനാല്‍ വളരെ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
അന്വേഷണ വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. മരിച്ച കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പോലും പുറത്താകാതിരിക്കാന്‍ അന്വേഷണ സംഘം ശ്രദ്ധ ചെലുത്തുന്നുണ്ട്. സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള സൗമ്യയെ മൂന്ന് മെഡിക്കല്‍ സംഘമാണ് പരിശോധിച്ച് വരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.കെ.എസ്. മോഹനന്റെ നേതൃത്വത്തിലുളള്ള നാലംഗസംഘവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും തലശേരി സഹകരണ ആശുപത്രിയലെ ഡോ.രാജീവ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് സൗമ്യയെ പരിശോധിക്കുന്നത്.
ആരോഗ്യവതിയാണെന്ന് മെഡിക്കല്‍ സംഘങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും സൗമ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് കിടത്തിയിരിക്കുന്നത് . ഇത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. രണ്ട് കുട്ടികള്‍ മരിച്ചപ്പോഴും സംശയം തോന്നാതിരുന്ന നാട്ടുകാര്‍ക്ക് കമലയുടെ മരണത്തോടെയാണ് സംശയത്തിന്റെ നിഴല്‍ വീണത്. കമലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചതിനു പിന്നാലെയാണ് ഒരു മാസത്തിനുള്ളില്‍ കുഞ്ഞിക്കണ്ണനും മരിക്കുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. സൗമ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇത് സംബന്ധിച്ച കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. കഴിഞ്ഞ 13 നാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് കുഞ്ഞിക്കണ്ണന് മരണമടഞ്ഞത്. മാര്‍ച്ച് മാസത്തില്‍ കമലയും മരിച്ചു. പേരകുട്ടി കീര്‍ത്തനയാണ് ആദ്യം മരിച്ചത്. 2012 സെപ്റ്റംബര്‍ 9 നാണ് കീര്‍ത്തന സമാനമായ സാഹചര്യത്തില്‍ മരിക്കുന്നത്. ഈ വര്‍ഷം ജനുവരി 13 നാണ് ഐശ്വര്യയും മരിക്കുന്നത്. മൂന്ന് പേര് മൂന്ന് മാസത്തിനുള്ളിലും ഒരാള്‍ ആറ് വര്‍ഷം മുമ്പുമാണ് മരിച്ചത്. മൂന്ന് മാസത്തിനുള്ളിലെ മൂന്ന് മരണങ്ങളാണ് ജനങ്ങളെ കൂടുതല്‍ ദുരൂഹതയിലേക്ക് നയിച്ചത്.
Leave a Reply