കണ്ണൂർ പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകം. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചനയിൽ കാമുകന്മാരുടെ തന്ത്രമാണ് സൗമ്യ നടപ്പാക്കിയത്. എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തില്‍ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി.
സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആണ്‍ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ നാടിനെ നടുക്കിയ പരമ്പര കൊലയുടെ ചുരുളുകൾ അഴിയാൻ തുടങ്ങി. പിന്നീടുണ്ടായ അന്വേഷണത്തിൽ സൂചനകള്‍ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും നല്‍കിയ വിഷം സൗമ്യയും കഴിച്ചത് അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു. തന്നേയും വകവരുത്താന്‍ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കുകയായിരുന്നു സൗമ്യയുടെ ലക്‌ഷ്യം.
ഇതിനിടെയാണ് കുടുംബത്തിലെ മരിച്ചവരുടെ മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന സൂചനകള്‍ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നുവെന്ന് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു.
ദുരൂഹമായി പിഞ്ചു കുഞ്ഞടക്കം മരിച്ച സംഭവത്തിന് പിന്നിൽ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. കമല (65)യുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളിൽ ഇതേ വിശേമിഷം കണ്ടതോടെ കൊലപതകത്തിന്റെ ചുരുളഴിയാൻ തുടങ്ങി.
കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതോടെ വിഷത്തിന്റെ ഉറവിടം സൗമ്യയ്ക്ക് അറിയാമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയാടാനുള്ള തന്ത്രങ്ങള്‍ പൊളിഞ്ഞു. ആശുപത്രിയില്‍ നിന്ന് സൗമ്യ പൊലീസ് സ്‌റ്റേഷനിലേക്ക്. അവിടെ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. ഇനി ബുദ്ധി പറഞ്ഞു നല്‍കിയ കാമുകന്മാരേയും ഉടന്‍ അറസ്റ്റ് ചെയ്യും.
തലശേരി സഹകരണ ആശുപത്രിയിലെ ന്യൂറോവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു സൗമ്യയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തതും പരമ്പര കൊലയുടെ ചുരുളഴിയുന്നതും.
Leave a Reply