ഫാ. ബിജു കുന്നയ്ക്കാട്ട് PRO
റോം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്‌ഘാടനത്തിന്റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെയും മൂന്നാം വാർഷികത്തിൽ, റോമിലെ പ്രസിദ്ധമായ സെൻ്റ് മേരി മേജർ ബസലിക്കായിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൃതജ്ഞതാബലിയർപ്പി ച്ചു. വി. ലൂക്കാസുവിശേഷകൻ വരച്ച, ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിക്കുന്ന പരി. മറിയത്തിൻറെ യാഥാർത്ഥചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന അൾത്താരയായ ‘സാലുസ് പോപ്പെല്ലി റൊമാനി’ എന്ന അൾത്താരയിലാണ് ബലിയർപ്പണം നടന്നത്.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, റെവ. ഫാ. റോജി നരിതൂക്കിൽ, റെവ. ഫാ. ജിജി പുതുവീട്ടിക്കളം S J, റോമിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്ന വൈദികർ തുടങ്ങിയവർ സഹകാർമികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുവേണ്ടി റോമിൽ വൈദി കപഠനത്തിലേർപ്പെട്ടിരിക്കുന്ന വൈദികവിദ്യാർത്ഥികളും മറ്റു രൂപതകളിൽനിന്നുള്ള വൈദികവിദ്യാർത്ഥികളും കൃതജ്ഞതാബലിയിൽ പങ്കുചേർന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ദൈവം നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങളെ മാർ സ്രാമ്പിക്കൽ ദിവ്യബലിക്കിടയിൽ അനുസ്മരിച്ചു.

കത്തോലിക്കാസഭയുടെ കീഴ്വഴക്കമനുസരിച്ച് എല്ലാ രൂപതാമെത്രാന്മാരും അഞ്ച് വർഷത്തിൽ ഒരിക്കൽ നടത്തേണ്ട ‘ആദ് ലിമിന’ സന്ദര്ശനത്തിന്റെ ഭാഗമായി മാർ ജോസഫ് സ്രാമ്പിക്കൽ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ മെത്രാന്മാരും


ഇപ്പോൾ റോമിലുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മെത്രാനായി പരി. ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനുമുൻപ് റോമിലെ ‘കോളേജിയോ ഉർബാനോ’ എന്ന യൂണിവേഴ്സിറ്റിയുടെ വൈസ് റെക്ടർ ആയി സേവനം ചെയ്യുകയായിരുന്നു മാർ സ്രാമ്പിക്കൽ. 2016 ഒക്ടോബർ 9 – നായിരുന്നു പ്രെസ്റ്റൺ സ്റ്റേഡിയത്തിൽ വച്ച് സീറോ മലബാർ സഭയുടെ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചതും ജോസഫ് സ്രാമ്പിക്കലിനെ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും.



Leave a Reply