കുട്ടികളുടെ ഫോണുകളിലെ ആപ്പുകളില്‍ ഒരു കണ്ണ് വേണമെന്ന് രക്ഷിതാക്കളോട് പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി. ചില പ്രത്യേക ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് രക്ഷിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, പ്രത്യേകിച്ച് കൗമാരക്കാര്‍ ഉപയോഗിക്കുന്ന 10 ആപ്പുകളില്‍ നിരീക്ഷണം വേണമെന്ന് ഐവിബ്രിഡ്ജ് ആന്‍ഡ് റൂറല്‍ പോലീസാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്ലിമത്ത് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. #keepthemsafeonline, #keepuptodateonline എന്നീ ഹാഷ്ടാഗുകളിലായാണ് പോലീസിന്റെ സന്ദേശം.
ഈ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് അമേരിക്കന്‍ ടെക്ക് ബ്ലോഗറായ ഏപ്രില്‍ റിക്വാര്‍ഡ് ആണെന്നും ഇവയെക്കുറിച്ച് രക്ഷിതാക്കളില്‍ പലര്‍ക്കും കേട്ടുകേള്‍വി പോലും ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നമ്മുടെ കുട്ടികളെ ഈ ആപ്പുകള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനേക്കുറിച്ച് പഠിപ്പിക്കണമെന്നാണ് ഏപ്രില്‍ അവരുടെ ബ്ലോഗില്‍ ആവശ്യപ്പെടുന്നത്. ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യണമെന്നല്ല, പകരം അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് തനിക്ക് പറയാനുള്ളത്. അനോണിമസായിരുന്ന് ചാറ്റ് ചെയ്യാന്‍ കഴിയുന്ന Omegle എന്ന ഫ്രീ ഓണ്‍ലൈന്‍ ചാറ്റ് റൂം ആപ്പ് ഒരു ഉദാഹരണമാണ്.
1. Omegle
2009ല്‍ ലോഞ്ച് ചെയ്ത ഈ ചാറ്റ് റൂം ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും.
2. Yubo
യെല്ലോ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന ഈ ആപ്പ് അഡല്‍ട്ട് ഡേറ്റിംഗ് ആപ്പുകള്‍ക്ക് സമമാണ്. അപരിചിതരുമായി ടെക്സ്റ്റ്, ഫോട്ടോകള്‍ എന്നിവ പങ്കുവെക്കാനുള്ള സൗകര്യമാണ് ഇത് നല്‍കുന്നത്. നഗ്നഫോട്ടോകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഈ ആപ്പ് മുമ്പ് പഴികള്‍ കേട്ടിരുന്നു.
3. Calculator App lock
പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഒളിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇത്. ഒരു കാല്‍കുലേറ്റര്‍ ഐക്കണായിരിക്കും ഫോണില്‍ കാണുക. പ്രൈവറ്റ് ബ്രൗസറിലൂടെ ഇന്റര്‍നെറ്റില്‍ കയറാനും പ്രൈവറ്റ് നോട്ടുകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഒരു കാല്‍കുലേറ്ററായി തോന്നുന്ന ഇത് ഒരു രഹസ്യ ഫോട്ടോ വോള്‍ട്ടായി ഉപയോഗിക്കാം.
4. Ask.fm
ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഇത്. എന്നാല്‍ ഇതിനുള്ളില്‍ ഏറ്റവും ഭീകരമായ സൈബര്‍ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് ഏപ്രില്‍ പറയുന്നു. അജ്ഞാതരായിരുന്ന് ക്രൂരമായ ചോദ്യങ്ങള്‍ ചോദിക്കാനും മെസേജുകള്‍ അയക്കാനും ഈ ആപ്പില്‍ സാധിക്കും. ഇത്തരത്തിലുള്ള ഭീഷണികളെത്തുടര്‍ന്ന് രണ്ട് അമേരിക്കന്‍ കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ സൈറ്റ് നിരീക്ഷണത്തിനു വിധേയമായത്.
5. Kik messenger
ഫ്രീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പ് ആയ കിക് മെസഞ്ചര്‍ മെസേജുകളും, ഫോട്ടോകളും വീഡിയോകളും മറ്റും അയക്കാനും വെബ് പേജുകള്‍ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നു. സ്‌പെഷ്യല്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് വീഡിയോ ചാറ്റ് നടത്താനും സൗകര്യമുണ്ട്. ഫോണ്‍ നമ്പര്‍ നല്‍കാതെ തന്ന അനോണിമസായി തുടരാന്‍ ഈ ആപ്പ് അവസരം നല്‍കുന്നുണ്ട്.
6. Hot or Not
ഇതൊരു ഗെയിം ആപ്പാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്യുകയും അതിനെ മറ്റ് യൂസര്‍മാരെക്കൊണ്ട് റേറ്റ് ചെയ്യിക്കുകയും ചെയ്യാം. സുഹൃത്തുക്കള്‍ എത്രമാത്രം ‘ഹോട്ട്’ ആണെന്ന് ഈ ആപ്പില്‍ പരിശോധിക്കാന്‍ കഴിയും. അടുത്തുള്ളവരില്‍ ഹോട്ടസ്റ്റ് ആരാണെന്ന് തെരയാനും ഇതിലൂടെ കഴിയും. അപരിചിതര്‍ നിങ്ങളെ റേറ്റ് ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത.
7. Burnbook
ഒരു അനോണിമസ് ഗോസിപ്പ് ആപ്പാണ് ബേണ്‍ബുക്ക്. ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോ തുടങ്ങിയ രൂപങ്ങളില്‍ ആളുകളെക്കുറിച്ച് പരദൂഷണം പറയാന്‍ ഈ ആപ്പ് സൗകര്യം നല്‍കുന്നു. മീന്‍ ഗേള്‍സ് എന്ന സിനിമയിലെ ബേണ്‍ ബുക്ക് ആണ് ഈ ആപ്പിന്റെ പേരിനു പിന്നില്‍. ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പില്‍ 10 മൈല്‍ ചുറ്റളവിലുള്ള സ്‌കൂള്‍ കമ്യൂണിറ്റികളില്‍ സെര്‍ച്ച് ചെയ്ത് കയറാം. അവരുമായി പരദൂഷണങ്ങള്‍ പങ്കുവെക്കുകയുമാകാം.
8. Wishbone
വിവാദത്തിലായ ഒരു കംപാരിസണ്‍ ആപ്പാണ് ഇത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തുമായും താരതമ്യത്തിന് ഈ ആപ്പ് സൗകര്യം നല്‍കും. കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യാനും അവരെ കഴിവു കുറച്ചു കാണാനും ഈ ആപ്പ് കാരണമാകുമെന്ന് ഏപ്രില്‍ പറയുന്നു.
9. Whisper
രഹസ്യങ്ങള്‍ പങ്കുവെക്കാനും പുതിയ ആളുകളുമായി കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കുന്ന അനോണിമസ് ആപ്പാണ് വിസ്പര്‍. പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. 2012ല്‍ അവതരിപ്പിച്ച ഈ ആപ്പിന് 187 രാജ്യങ്ങളിലായി 250 മില്യന്‍ പ്രതിമാസ ഉപയോക്താക്കളുണ്ട്.
10. Instagram
പട്ടികയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് ഇത് മാത്രമാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പില്‍ ഫിന്‍സ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഫേക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ അഭിരമിക്കാനാണ് കുട്ടികള്‍ക്ക് താല്‍പര്യമെന്ന് ഏപ്രില്‍ പറയുന്നു. പ്രൈവറ്റ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ എളുപ്പമാണെന്നതിനാലാണ് കുട്ടികള്‍ക്ക് ഈ ആപ്പ് പ്രിയങ്കരമായതെന്നും ഏപ്രില്‍ വിശദീകരിക്കുന്നു.
Leave a Reply