ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ലെങ്കിലും മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് എത്തുമ്പോൾ അതൊരു രോഗാവസ്ഥയായി മാറുന്നു. ബ്രിട്ടീഷുകാരിൽ നാലിൽ ഒരാൾ (22 %) കഴിഞ്ഞ വർഷത്തേക്കാൾ മദ്യപാനം വർധിപ്പിച്ചതായി ചെഷയർ ആസ്ഥാനമായുള്ള റീഹാബ് ക്ലിനിക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ മദ്യാസക്തിയെക്കാൾ ‘ഫങ്ഷണൽ ആൽക്കഹോൾ ഡിസോർഡർ’ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യപാനിയാണെങ്കിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കാനും കുടുംബത്തിനുള്ളിൽ ഒരു പങ്ക് വഹിക്കാനും കഴിവുള്ളവരെയാണ് ‘ഫങ്ഷണൽ ആൽക്കഹോളിക്’ എന്ന് വിളിക്കുന്നത്. അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിലും മദ്യപാന പ്രശ്നങ്ങൾ മറച്ചുപിടിച്ചാവും ജീവിക്കുന്നത്. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. മദ്യപാനത്താൽ ബുദ്ധിമുട്ടുന്ന ഇത്തരക്കാർ അവരുടെ അവസ്ഥ മറച്ചുവെക്കുന്നതിൽ അസാധാരണ കഴിവുള്ളവരാണ്. ഇത് അപകടകരമായ മദ്യപാന സ്വഭാവമായി പരിണമിക്കും.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

• മദ്യത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം നഷ്ടപ്പെടുക.
• കാറിലും ഓഫീസിലും ഗാരേജിലുമൊക്കെയായി മദ്യം ഒളിപ്പിക്കുക
• ജോലി സമയത്ത് മദ്യപിക്കുക
• ദിവസേനയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ശേഷം മദ്യപിക്കുക
• ജോലി കഴിഞ്ഞ് സ്വസ്ഥമാകുന്നതിനുള്ള ഒരു മാർഗമായി മദ്യപാനത്തെ ന്യായീകരിക്കുക
• മദ്യപിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുക, അസ്വസ്ഥത പ്രകടിപ്പിക്കുക
• മദ്യമില്ലാത്ത സാമൂഹിക പരിപാടികളോ പ്രവർത്തനങ്ങളോ ഒഴിവാക്കുക
• മദ്യപാനികൾ ആണെന്ന കാര്യം നിഷേധിക്കുക
• മദ്യപിച്ചതിന് ശേഷം ഓർമ്മ കുറവ് ഉണ്ടാകുക

നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മിതമായ അളവിൽ കുടിക്കാനും കഴിയുമോയെന്ന് സ്വയം ചോദിക്കുക. ഒപ്പം മദ്യപാനം നിർത്താൻ ആഗ്രഹിച്ചാൽ, ആ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്നും ചോദിക്കുക. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നിങ്ങൾ അമിത മദ്യപാനത്തിന് അടിമയാണെന്ന് മനസിലാക്കുക. മദ്യപാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ആദ്യപടിയായി ജിപിയെ കാണണമെന്ന് എൻഎച്ച്എസ് നിർദേശിക്കുന്നു. പരിശോധനയിലൂടെ മദ്യപാന ശീലങ്ങൾ വിലയിരുത്തിയ ശേഷം നിങ്ങൾക്ക് ലഭ്യമായ സേവനങ്ങളും ചികിത്സകളും നൽകും. ചികിത്സയിൽ സാധാരണയായി കൗൺസിലിംഗും മരുന്നും ഉൾപ്പെടുന്നു.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരോട് മദ്യാസക്തിയെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും വളരെ സഹായകരമാണെന്ന് ക്ലിനിക് പറഞ്ഞു. മദ്യപാനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവരോട് ശാന്തമായി വിശദീകരിക്കുക. അമിത മദ്യപാനം ചികിത്സിക്കാവുന്നതാണെന്ന് പറഞ്ഞ് അവർക്ക് പ്രതീക്ഷ നൽകുക. അമിത മദ്യപാനത്തിൽ നിന്ന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ നമുക്ക് കഴിയുമെന്നും തുറന്ന സംസാരം അതിനാവശ്യമാണെന്നും ക്ലിനിക് കൂട്ടിച്ചേർത്തു.