ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഭീഷണിയുയര്‍ത്തിയ ഡ്രോണുകളെ തുരത്താന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ വികസിപ്പിച്ച ഡ്രോണ്‍ ഡൂം സംവിധാനം. സിറിയയില്‍ ഐസിസ് ഡ്രോണുകളെ തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സംവിധാനം തന്നെയാണ് ഗാറ്റ് വിക്കിലും ഉപയോഗിച്ചത്. ബ്രിട്ടീഷ് ആര്‍മിക്കു വേണ്ടി ആറ് ഡ്രോണ്‍ ഡൂം സിസ്റ്റങ്ങളാണ് ഈ വര്‍ഷം വാങ്ങിയത്. 15.8 മില്യന്‍ പൗണ്ടിനാണ് ഇവ വാങ്ങിയിരിക്കുന്നത്. 2.1 മൈല്‍ മുതല്‍ 6.2 മൈല്‍ വരെ വിസ്തൃതിയില്‍ ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും ഇവയ്ക്ക് കഴിയും. ഡിജെഐ എന്ന ബ്രാന്‍ഡിലുള്ള ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും കഴിയുന്ന ഡിജെഐ സിസ്റ്റമാണ് വ്യാഴാഴ്ച പോലീസ് കൊണ്ടുവന്നത്. എന്നാല്‍ ഗാറ്റ്‌വിക്കില്‍ പ്രത്യക്ഷപ്പെട്ടത് ഡിജെഐ ഡ്രോണ്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസിന് ഡ്രോണ്‍ ഭീഷണി നേരിടാനും കഴിഞ്ഞില്ല.

ഈ പശ്ചാത്തലത്തിലാണ് റാഫേല്‍ നിര്‍മിച്ച ഡ്രോണ്‍ ഡൂം സിസ്റ്റം ഉപയോഗിക്കുന്നതിനായി ആര്‍മിയെ വിളിച്ചത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാണ്. 6.2 മൈല്‍ ചുറ്റളവിലുള്ള ഡ്രോണുകളെ കണ്ടെത്താന്‍ ഒരു ഹൈടെക് റഡാറും ലേസര്‍ ,സംവിധാനവുമാണ് ആര്‍മി ഉപയോഗിക്കുന്നത്. ഡ്രോണ്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു റേഡിയോ ഫ്രീക്വന്‍സി ജാമര്‍ ഉപയോഗിച്ച് ഇതിലേക്ക് വരുന്ന സിഗ്നലുകള്‍ ഇല്ലാതാക്കും. ഇതിലൂടെ ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് നിലത്തിറക്കുകയും ചെയ്യും. ഒരു ശക്തമായ ലേസര്‍ ഉപകരണം ഉപയോഗിച്ച് ഡ്രോണുകളെ നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതിനൊപ്പം ഉണ്ടെങ്കിലും ബ്രിട്ടീഷ് ആര്‍മി അത് വാങ്ങിയിട്ടില്ല. ഇറാഖിലെ മൊസൂള്‍ ഐസിസില്‍ നിന്ന് മോചിപ്പിക്കുന്ന ദൗത്യത്തില്‍ ഈ സംവിധാനം ബ്രിട്ടീഷ്, അമേരിക്കന്‍ സേനകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഐസിസ് ഡ്രോണുകളെ നിര്‍വീര്യമാക്കാനാണ് അവ ഉപയോഗിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാങ്കേതികവിദ്യ കൈവശമുണ്ടായിട്ടും അത് നേരത്തേ പ്രയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഗാറ്റ്‌വിക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഉയര്‍ത്തുന്നത്. റാഫേല്‍ എന്ന ഇസ്രയേലി കമ്പനിയാണ് ഈ ഉപകരണത്തിന്റെ നിര്‍മാതാക്കള്‍. ആക്രമണത്തിനും ചാരപ്രവര്‍ത്തനത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഡ്രോണുകളെ തടയുന്ന സാങ്കേതികവിദ്യയാണ് ഇത്. 360 ഡിഗ്രി കവറേജ് ഉള്ള സ്‌കാനറുകളാണ് ഇതിന്റെ പ്രത്യേകത. വലിയ യുഎവികളെ 31 മൈലിനപ്പുറം നിന്ന് കണ്ടെത്താന്‍ ഇതിനു കഴിയും. എന്നാല്‍ ചെറിയ ഡ്രോണുകളെ 6.2 മൈലിനുളളില്‍ മാത്രമേ ഇതിനു കണ്ടെത്താന്‍ കഴിയൂ.