ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വെസ്റ്റ് ലണ്ടനിൽ ബെഡ്റൂമും ബാത്റൂമും ഇല്ലാത്ത സിംഗിൾ റൂം ഫ്ലാറ്റിന്റെ വില 150,000 പൗണ്ട്. ലണ്ടനിലെ ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഫ്ലാറ്റിന് ഈ വില. പ്രശസ്തമായ ഹാരോഡ്സ് ഡിപ്പാർട്ട്മെന്റൽ സ്റ്റോറിന് എതിർവശത്തായി ഉള്ള ഈ സ്ഥലത്ത് 3.3 മില്യൺ പൗണ്ടാണ് ഭവനങ്ങളുടെ അടിസ്ഥാന വില. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രാഷ്ട്രീയപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിൽ കൂടുതൽ അപ്പാർട്ട്മെന്റുകളും മറ്റും ലഭ്യമാക്കേണ്ടത് അത്യാവശ്യം ആയിരിക്കുകയാണ്. തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹൗസിംഗ് സെക്രട്ടറി താങാമ് ഡബ്ബോനേയർ കുറ്റപ്പെടുത്തി.
2011ൽ പുറത്തിറക്കിയ റെഗുലേഷൻസ് പ്രകാരം 400 സ്ക്വയർ ഫീറ്റിൽ കുറഞ്ഞ ഭവനങ്ങൾ പണിയുന്നതിൽ നിന്ന് പ്രോപ്പർട്ടി ഡെവലപ്പേഴ്സിനെ വിലക്കിയിരുന്നു. എന്നാൽ ഈ ഫ്ലാറ്റ് 1976 -ൽ പണിതതായതിനാൽ നിയമാനുസൃതമായ വിൽപന തന്നെയാണ് നടന്നത്.
എന്നാൽ ഇത്തരത്തിൽ അമിത വിലയ്ക്ക് ഫ്ലാറ്റുകൾ വിറ്റുപോകുന്നത് സാധാരണക്കാരെ ബാധിക്കും എന്ന നിലപാടിലാണ് എംപിമാർ. ഇത്തരത്തിൽ തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മാർക്കറ്റിനെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Leave a Reply