സ്വന്തം ലേഖകൻ

പൊതുജനങ്ങൾക്ക് കോവിഡ് വാക്സിനോടുള്ള മനോഭാവം മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ട് രാജകുടുംബത്തിലെ മുതിർന്ന വ്യക്തികളായ 94 കാരിയായ രാജ്ഞിക്കും 99 കാരനായ പ്രിൻസ് ഫിലിപ്പിനും വാക്സിൻ നൽകും. സാധാരണക്കാർക്കൊപ്പം വരി നിന്ന് ലഭിക്കുന്ന അവസരത്തിലൂടെയാണ് ഇരുവർക്കും വാക്സിൻ നൽകുകയെന്നും, പ്രത്യേക പരിഗണന ഇക്കാര്യത്തിൽ ഉണ്ടാവുകയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രാജ ദമ്പതിമാർ പൊതുജന മധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തെറ്റായ വിവരങ്ങൾ പടരുന്നത് തടയാൻ ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ ഉറപ്പുനൽകുന്നുണ്ട്. വാക്‌സിനേഷനെതിരെ ഇപ്പോൾതന്നെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ പല കോണുകളിലും നടക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ഇരുവർക്കും വാക്സിൻ നൽകുന്നത് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഇടയിൽ വാക്സിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് പ്രതീക്ഷ. ഇരുവരുടെയും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചത്. കെയർ ഹോമുകളിലും മറ്റും താമസിക്കുന്ന 80 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കാണ് ആദ്യപാദത്തിൽ വാക്സിൻ നൽകുക. അബദ്ധ പ്രചാരകരുടെ വാക്കുകൾ വിശ്വസിച്ചു കോവിഡ് വാക്സിനിൽ നിന്നും ജനങ്ങൾ അകന്നു നിൽക്കുന്നത് ഭരണാധികാരികൾക്കും ശാസ്ത്രജ്ഞന്മാർക്കും തലവേദന സൃഷ്ടിച്ചിരുന്നു.

അതേസമയം ഇത്തരം കാര്യങ്ങളിലേക്ക് രാജകുടുംബത്തിന് വലിച്ചിഴയ്ക്കുന്നത് അവരെ അനാവശ്യമായി രാഷ്ട്രീയ വൽക്കരിക്കുന്നതിന് തുല്യമാണെന്ന് സഭാ സാമാജികരിൽ ചിലർ അഭിപ്രായപ്പെട്ടു. അത് അവരുടെ മെഡിക്കൽ പ്രൈവസിയിലേക്ക് ഇടിച്ചു കയറുന്നതിനു തുല്യമാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.1957 ൽ സമാനമായ രീതിയിൽ ചാൾസ് രാജകുമാരനും, ആൻ രാജകുമാരിയും പോളിയോ വാക്സിൻ സ്വീകരിച്ചിരുന്നു. അത് വാക്സിന് കൂടുതൽ ജനസമ്മതി ലഭിക്കുന്നതിനും ജനങ്ങളുടെ അകാരണമായ ഭയം അകറ്റുന്നതിനും സഹായിച്ചിരുന്നു. രാജകുടുംബത്തിലെ മറ്റുള്ളവർക്കാവട്ടെ സമാനമായ പ്രായക്കാർക്ക് വാക്സിൻ ലഭിക്കുമ്പോൾ മാത്രമാവും സ്വീകരിക്കാനാവുക. വില്യം രാജകുമാരൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന വാക്സിൻ പരീക്ഷണങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും ഇടയ്ക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു.