ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള എമര്‍ജന്‍സി കോള്‍ സര്‍വീസ് ആണ് 999. ഈ സേവനത്തിന് ഇന്ന് 80 വയസ് പൂര്‍ത്തിയാകുന്നു. 1937ല്‍ ലണ്ടനിലാണ് 999 പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ 1000 കോളുകളാണ് ഇതിലേക്ക് ലഭിച്ചത്. ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി 5,60,000 കോളുകള്‍ ഈ സര്‍വീസ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം 30 ദശലക്ഷം കോളുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സേവനം ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ ചരിത്രം ഒരു ദുരന്തവുമായി ബന്ധപ്പെട്ടാണ്.

1935ല്‍ ഒരു ഡോക്ടറുടെ സര്‍ജറിയില്‍ തീപ്പിടിത്തമുണ്ടാകുകയും 5 പേര്‍ മരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എമര്‍ജന്‍സി കോളുകള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് വളരെ വേഗം ഓര്‍മിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍ നമ്പര്‍ രാജ്യമൊട്ടാകെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. എസ്ഒഎസ് എന്ന് ഓര്‍മിപ്പിക്കുന്ന 707 ആയിരുന്നു ആദ്യം നിര്‍ദേശിക്കപ്പെട്ട നമ്പര്‍. പിന്നീട് ഇത് 333 ആക്കിയെങ്കിലും ഏറ്റവുമൊടുവില്‍ 999 എന്ന നമ്പര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമൊക്കെ എക്‌സ്‌ചേഞ്ചുകളില്‍ എമര്‍ജന്‍സി കോളുകള്‍ തിരിച്ചറിയുന്നതിനായി മിന്നിത്തെളിയുന്ന ചുവന്ന ലൈറ്റുകളും സൈറനുകളുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. സൈറനുകളുടെ ഹൂട്ടറുകളിലേക്ക് ശബ്ദം കുറയ്ക്കാനായി ടെന്നീസ് ബോളുകള്‍ വെക്കുകയായിരുന്നു പതിവ്. ഗ്ലാസ്‌ഗോയാണ് ഈ സേവനം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ നഗരം. 1938ലായിരുന്നു ഇത്. എന്നാല്‍ 1948നുള്ളില്‍ യുകെയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഈ സേവനം എത്തിക്കാനുള്ള നീക്കത്തിന് രണ്ടാം ലോകമഹായുദ്ധം തടസമായി.

അനാവശ്യ കോളുകള്‍ എന്നും ഈ സേവനത്തിന് പ്രതിസന്ധിയാണ്. തന്റെ വീടിനു മുന്നില്‍ ബാഗ്‌പൈപ്പര്‍മാര്‍ പ്രകടനം നടത്തുന്നു, അയല്‍ക്കാരന്‍ താനുമായി വഴക്കടിക്കുന്നു തുടങ്ങിയ പരാതികളായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ 97 ശതമാനം കോളുകള്‍ക്കും 5 സെക്കന്‍ഡിനുള്ളില്‍ മറുപടി നല്‍കാറുണ്ടെന്ന് ബിടി അറിയിച്ചു. ഇപ്പോള്‍ ലഭിക്കുന്ന എമര്‍ജന്‍സി കോളുകളില്‍ 62 ശതമാനവും മൊബൈല്‍ ഫോണുകളില്‍ നിന്നാണെന്നും ബിടിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.