ഹൈദരബാദ്: മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് ട്രാഫിക് പൊലീസിന്റെ പിടിയിലായ യുവാവ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെയാണ് ഓട്ടോ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി.
മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദീകരിച്ച് ഓട്ടോ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് സ്വകാര്യ സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് വീണ്ടും ഓട്ടോയ്ക്ക് സമീപത്തെത്തി ബഹളം തുടങ്ങിയത്. കേസ് റദ്ദാക്കി വണ്ടി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇയാൾ പരാക്രമം കാട്ടി.
ഇതിനിടെയാണ് യുവാവ് ഓട്ടോയിൽ നിന്നൊരു പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. പാമ്പിന്റെ തലയിൽ പിടിച്ച് കൈയിൽ ചുറ്റി ചുറ്റുമുണ്ടായിരുന്നവർക്കും നേരെ വീശിയതോടെ ഉദ്യോഗസ്ഥർ ആദ്യം ചിതറിയോടി. പിന്നീട് കൈവശം ഉണ്ടായിരുന്നത് ചത്ത പാമ്പാണെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തിയെങ്കിലും, യുവാവ് ഇതിനിടയിൽ സ്ഥലത്ത് നിന്ന് മുങ്ങി.











Leave a Reply