ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ചാർജ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉപയോഗം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. 2011, 2013, 2014, 2015 എന്നീ വർഷങ്ങളിൽ കൊണ്ടുവന്ന നിയമങ്ങൾ പ്രകാരം വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട് ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വൻകിട കച്ചവടക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരക്ക് ഈടാക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലും സ്‌കോട്ട് ലൻഡിലും 2021-ൽ 5p-ൽ നിന്ന് 10p-ലേക്ക് ചാർജ് വർദ്ധിപ്പിച്ചു, വടക്കൻ അയർലണ്ടിൽ ഇത് 25p ആണ്. മിനിമം ചാർജ് 5p യായി തുടരുന്ന വെയിൽസിൽ 2026 ഓടെ ബാഗുകൾ മൊത്തത്തിൽ നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കാനുള്ള നയപരമായ തീരുമാനം പ്രയോജനം ചെയ്തതായുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ചാർജ് ഏർപ്പെടുത്തിയതിനു ശേഷം യുകെ ബീച്ചുകളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം 80 ശതമാനം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ ഇതിന് ആധാരമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മറൈൻ കൺസർവേഷൻ സൊസൈറ്റിയുടെ (എംസിഎസ്) വാർഷിക മാലിന്യ സർവ്വേ പ്രകാരം കഴിഞ്ഞവർഷം സർവേ നടത്തിയ ഓരോ 100 മീറ്ററിലും ശരാശരി ഒരു പ്ലാസ്റ്റിക് ബാഗ് എന്ന തോതിൽ ആണ് കണ്ടെത്തിയത്. എന്നാൽ 2014 -ൽ ഓരോ 100 മീറ്ററിലും ശരാശരി 5 പ്ലാസ്റ്റിക് ബാഗുകൾ എന്ന തോതിൽ ഉണ്ടായിരുന്നു .
ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരിസ്ഥിതിക്ക് വരുത്തുന്ന വിനാശം കടുത്തതാണ്. ശരിയായ രീതിയിൽ സംസ്കരിക്കാതെ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വനങ്ങളിലും നദികളിലും സമുദ്രങ്ങളിലും വിന്യസിക്കുന്നതിലൂടെ മത്സ്യങ്ങൾക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്. കടലാമകളും മത്സ്യങ്ങളും വന്യജീവികളും പ്ലാസ്റ്റിക് ബാഗുകളെ ഭക്ഷണമായി തെറ്റിദ്ധരിക്കുകയും അവയുടെ ദഹന വ്യവസ്ഥയ്ക്ക് മാരകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പല ജീവികളുടെയും വംശനാശത്തിന് തന്നെ കാരണമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Leave a Reply