സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ നേരിട്ടത് റെക്കോർഡ് ഇടിവെന്ന് കണക്കുകൾ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ 20.4 ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ ആയതിനാൽ സമ്പദ്‌വ്യവസ്ഥ അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു. 300 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമ്മതിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ശക്തമായ നടപടി ആവശ്യമാണെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 25% ഇടിവ് ആണ് ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ നാലിലൊന്നായി ചുരുങ്ങിയെന്ന് അർത്ഥം. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുന്നുവെന്ന് ഷാഡോ ചാൻസലർ അന്നലീസി ഡോഡ്സ് മുന്നറിയിപ്പ് നൽകി. എല്ലാ തൊഴിൽ മേഖലകളിലും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ തെളിഞ്ഞുകാണപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടന് ഈ വർഷത്തെ ജിഡിപിയിലുണ്ടായ ഇടിവ് മറ്റെല്ലാ വ്യവസായിക രാജ്യങ്ങളേക്കാളും മോശമാകുമെന്ന് കഴിഞ്ഞ ആഴ്ച ഒഇസിഡി പറഞ്ഞിരുന്നു. ബിസിനസ്സുകളും ജോലികളും സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും ഇത് വേഗത്തിൽ വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുമെന്നും ചാൻസലർ റിഷി സുനക് അറിയിച്ചു. കടകൾ വീണ്ടും തുറക്കുമ്പോൾ ജീവിതം കുറച്ചുകൂടി സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒപ്പം ഫർ‌ലോഫ് സ്കീം, ഗ്രാന്റുകൾ, വായ്പകൾ, നികുതി വെട്ടിക്കുറവുകൾ എന്നിവ ആയിരക്കണക്കിന് ബിസിനസ്സുകളെയും തൊഴിലാളികളെയും സംരക്ഷിച്ചുനിർത്തിയെന്ന് സുനക് കൂട്ടിച്ചേർത്തു. ഏപ്രിൽ വരെയുള്ള മൂന്ന് മാസങ്ങളിൽ ജിഡിപി 10.4 ശതമാനം ഇടിഞ്ഞു. ഏപ്രിലിലെ റെക്കോർഡ് ഇടിവ് പുറത്തുവന്നതിനുപിന്നാലെ രാജ്യത്തെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

ഏപ്രിൽ മാസത്തെ ചരിത്രപരമായ ഇടിവ് എല്ലാ പ്രവർത്തന മേഖലകളെയും ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2008 – 2009 വർഷത്തിൽ ഉണ്ടായ ഇടിവിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തേത്. മെയ് മാസത്തിൽ സർക്കാർ ലോക്ക്ഡൗൺ ലഘൂകരിക്കാൻ തുടങ്ങിയതിനാൽ ഏപ്രിലിൽ ഏറ്റവും മോശം ഇടിവ് കാണപ്പെടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. യുകെയിലെ ഒൻപത് ദശലക്ഷം തൊഴിലാളികൾക്ക് അവരുടെ വേതനം സർക്കാർ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് സാമ്പത്തിക മാന്ദ്യത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്ക് കൊറോണ വൈറസ് കാരണമായിട്ടുണ്ടെന്നും ഇത് യുകെ സമ്പദ്‌വ്യവസ്ഥയെ കുറച്ചുകാലം ബാധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടെഴ്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് തേജ് പരീഖ് പറഞ്ഞു.