വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിനാമുഖമായി നിർമ്മിച്ച പ്രോമോ റിലീസ് ചെയ്തു. പ്രത്യുത പ്രോമോയിലൂടെ അനുഗ്രഹ പെരുമഴ സദാ പൊഴിയുന്ന, കരുണയുടെയും സാന്ത്വനത്തിന്റെയും അനുഭവമേകുന്ന മാതൃ പുണ്യകേന്ദ്രമായ വാൽസിംഗാമിലേക്ക് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് വ്യക്തിപരമായി ഓരോരുത്തരെയും, യു കെ യിലെ മുഴുവൻ മാതൃ ഭക്തരെ ഒന്നായും, സസ്നേഹം ക്ഷണിക്കുവാനും, ഇംഗ്ലണ്ടിലെ ‘നസ്രേത്ത്’ എന്ന മാതൃ പുണ്യ സന്നിധേയത്തെ പ്രഘോഷിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്.

യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി മൂന്നുനാൾ മാത്രം ബാക്കിയിരിക്കെ, തീർത്ഥാടന വിജയത്തിനുള്ള പ്രാർത്ഥനാമഞ്ജരിയുമായി ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഈ തീർത്ഥാടനത്തിന്റെ സംഘാടകരും, പ്രസുദേന്തിമാരുമായ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കമ്മ്യുണിറ്റിയായ കോൾചെസ്റ്റർ, വന്നെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക്‌ വേണ്ട എല്ലാ ക്രമീകരണങ്ങൾക്കുമുള്ള അവസാന വട്ട മിനുക്കു പണികളിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ 9:00 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീർത്ഥാടന ശുശ്രുഷകൾ ആരംഭിക്കും.11:00 മണിക്ക് പ്രശസ്ത ധ്യാന ഗുരു ഫാ. ജോർജ്ജ് പനക്കൽ മരിയൻ പ്രഘോഷണം നടത്തും. 10:00 മണി മുതൽ കുട്ടികളെ മാതൃ സന്നിധിയിൽ സമർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

12:00 മണിയോടെ മരിയൻ പ്രഘോഷണത്തിനു ശേഷം ഭക്ഷണത്തിനായുള്ള ഇടവേളയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വാദിഷ്‌ഠവും, ചൂടുള്ളതുമായ നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ തീർത്ഥാടകർക്ക് ലഭ്യമാക്കുവാനുള്ള കലവറ തയ്യാറായി എന്ന് തീർത്ഥാടക കമ്മിറ്റി അറിയിച്ചു.

12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാതൃ സ്നേഹത്തിന്റെ പ്രഘോഷണവുമായി തീര്‍ത്ഥാടനം ആരംഭിക്കും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഉച്ച കഴിഞ്ഞു 2:45 നു കൊണ്ടാടുന്ന ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാർ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാർ മോൺസിഞ്ഞോർമാരും, യു കെ യുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ മലയാളികൾക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോൾചെസ്റ്റർ കമ്മ്യുനിട്ടിഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

Walsingham Pilgrimage promo link

https://www.youtube.com/watch?v=FCOVqjmKKG0&list=PLUXpnZ2amBzw8dfKGqRvHJsxS_tArWx42