മുംബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ വീണ്ടും ആരോഗ്യമേഖലയില്‍ ചര്‍ച്ചയാവുന്നു. രാജ്യത്തെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകളിലൊന്നായ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസീഷ്യന്‍സിലാണ് വെളിച്ചെണ്ണയുടെ ആരോഗ്യവശങ്ങളെ പ്രതിപാദിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗാണുക്കള്‍ക്കെതിരെയുള്ള വെളിച്ചെണ്ണയുടെ ഇമ്മ്യൂണോമോഡുലേഷന്‍ ഗുണങ്ങളെ കുറിച്ചാണ് അവലോകനം. വെളിച്ചെണ്ണയില്‍ പൂരിത ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അവലോകനത്തിന്റെ പ്രധാന രചയിതാക്കളിലൊരാളായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സിലെ അംഗവും ഇന്ത്യന്‍ കോളേജ് ഓഫ് ഫിസീഷ്യന്‍സിലെ ഡീനുമാണ് ഡോ.ജോഷി.

കോവിഡ് 19 അല്ല വെളിച്ചെണ്ണയെ കുറിച്ചുളള പുതിയ പഠനത്തിലേക്ക് നയിച്ചതെന്നും എന്നാല്‍ വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് കോവിഡ് 19-നെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്നും ഡോ.ജോഷി ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന വാദത്തെ എതിര്‍ത്തും ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 പോലെയുള്ള മഹാമാരിയില്‍നിന്ന് വെളിച്ചെണ്ണ സംരക്ഷിക്കുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അവരുടെ വാദം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സിങ്ക് വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത് ശരിയാണെന്നും എന്നാല്‍ വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന ഇവ മനുഷ്യശരീരത്തിന് എത്രമാത്രം ആഗിരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലെന്നും ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുന്നു.

വെളിച്ചെണ്ണയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത് വളരെ നല്ലതാണെന്നും എന്നാല്‍ വളരെ കുറച്ച് ഡേറ്റവെച്ച് അത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയില്ലെന്നും എന്‍ഡോക്രിനോളജിസ്റ്റ് ഡോ. അനൂപ് മിശ്ര പറഞ്ഞു