ലണ്ടന്‍: യുകെയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്നവയും സര്‍വീസ് ഏറ്റവും മോശമായി അനുഭവപ്പെടുന്നവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. യുകെയിലുടനീളം നടത്തിയ സ്വതന്ത്ര ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതനുസരിച്ച് ബിടിയുടെ ഉടമസ്ഥതയിലുള്ള ഇഇ ആണ് രാജ്യത്തെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക്. മൊബൈല്‍ ഡേറ്റ, സ്പീഡ്, വിശ്വാസ്യത എന്നീ കാര്യങ്ങളില്‍ ഇഇ മുന്‍പന്തിയിലാണെന്ന് പഠനം പറയുന്നു. കോളുകളുടെയും മെസേജുകളുടെയും പ്രകടനത്തില്‍ 100ല്‍ 97.3 സ്‌കോറുകള്‍ ഇഇ നേടി. അടുത്തിടെ നിരക്കുകളില്‍ 4.1 ശതമാനം വര്‍ദ്ധന വരുത്തിയെങ്കിലും കമ്പനി തന്നെയാണ് യുകെയില്‍ മുന്‍നിരയിലുള്ളത്.
ഇഇ, വോഡഫോണ്‍, ഓ2, ത്രീ എന്നീ നാല് സേവനദാതാക്കളില്‍ ഒ2വാണ് ഏറ്റവും മോശം സര്‍വീസ് നല്‍കുന്നതെന്നും പഠനത്തില്‍ പറയുന്നു. എല്ലാ കാറ്റഗറികളിലും കമ്പനി മോശം നിലവാരമാണ് പുലര്‍ത്തുന്നതെന്ന് റൂട്ട്‌മെട്രിക്‌സ് ഡേറ്റ വ്യക്തമാക്കുന്നു. 2017ല്‍ എല്ലാ മേഖലയിലും പൂര്‍ണ്ണമായ ആധിപത്യം പുലര്‍ത്താന്‍ ഇഇക്ക് സാധിച്ചു. ആദ്യത്തെ ആറു മാസങ്ങളില്‍ നൂറില്‍ 91.3 സ്‌കോര്‍ രേഖപ്പെടുത്തിയ ഇഇ അടുത്ത ആറു മാസക്കാലയളവില്‍ 93.7 സ്‌കോര്‍ നേടിയെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് 92 സ്‌കോറുകളുമായി ത്രീ എത്തിയപ്പോള്‍ 90.1 സ്‌കോറുമായി വോഡഫോണ്‍ മൂന്നാം സ്ഥാനത്തെത്തി. ഒ2വിന 87.2 സ്‌കോറുകളേ ലഭിച്ചുള്ളു.
മൊബൈല്‍ നെറ്റ് വര്‍കകുകളില്‍ ശക്തമായ നിക്ഷേപം നടത്തുന്നതാണ് ഈ നേട്ടത്തിന് കമ്പനിയെ പ്രാപ്തമാക്കിയതെന്ന് വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്നത് മത്സരാത്മകമായ വിപണിയില്‍ അത്യാവശ്യമാണെന്നും വക്താവ് പറഞ്ഞു. ടെലിഫോണിക്ക എന്ന സ്പാനിഷ് ടെലികോം കമ്പനിയുടെ ഉടമസ്ഥതയിലുളള ഒ2വിന് പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമെന്നും വിശകലനം പറയുന്നു. ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായാല്‍ കമ്പനിക്ക് മുന്‍നിരയിലേക്ക് എത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ സര്‍വേകള്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നതെന്നായിരുന്നു കമ്പനി വക്താവ് പ്രതികരിച്ചത്.
ഓഫ്‌കോമിന്റെ 2017ലെ സര്‍വീസ് ക്വാളിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടൂതല്‍ ഉപഭോക്തൃ സംതൃപ്തി ഓ2വിനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇഇ, ത്രീ എന്നിവയേക്കാള്‍ മികച്ചതാണ് ഒ2 എന്നായിരുന്നു ഈ റിപ്പോര്‍ട്ടെന്നും വക്താവ് പറഞ്ഞു. ഉപഭോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച നെറ്റ് വര്‍ക്ക് കവറേജിനുള്ള യുസ്വിച്ച് അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.
Leave a Reply