ബോൾ തിരക്കിയാണ് എട്ടുവയസ്സുകാരനായ ജുനൈദ് അയല്‍വാസിയായ മൊമീന്റെ വീടിന് മുകളിലെത്തിയത്. അവിടെ കണ്ട പെട്ടി തുറന്നുനോക്കിയ അവൻ പേടിച്ച് താഴേക്ക് ഓടി. പെട്ടിക്കുള്ളിൽ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ അവന്റെ വാക്കുകളെ ആരും വിലയ്ക്കെടുത്തില്ല. നീ ആ പാവയുടെ ഫോട്ടോ എടുത്തുകൊണ്ടു വരൂ എന്നാണ് അവർ അവനോട് പറഞ്ഞത്. ജുനൈദ് എടുത്തുകൊണ്ടു വന്ന ഫോട്ടോ കണ്ട ആ മാതാപിതാക്കൾ ശരിക്കും ഞെട്ടി. വീടിന് മുകളിൽ എത്തിയ അവർ പെട്ടിക്കുള്ളിൽ കണ്ടത് ഒന്നര വർഷം മുന്‍പ് കാണാതായ മകന്‍ സെയ്ദിന്റെ ജീർണ്ണിച്ച ശവശരീരം. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കരളലയിക്കുന്ന സംഭവം നടന്നത്.
2016 ഡിസംബർ ഒന്നിന് കാണാതായ സെയ്ദ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ് നാസർ മുഹമ്മദും മാതാവും. കാണാതാകുമ്പോൾ നാലുവയസ്സായിരുന്നു സെയ്ദിന്. ‘ഈ പതിനെട്ട് മാസവും അവൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചു. അവസാനം ഇന്നലെ അവനെ കണ്ടു. പക്ഷേ ജീവനോടെയല്ലെന്ന് മാത്രം. ഞങ്ങൾ പലപ്പോഴും വീടിന് മുകളിൽ പോയി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ അവൻ അടുത്തുള്ള പെട്ടിയിൽ ഇങ്ങനെ ജീർണ്ണിച്ച് കിടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു..’
ആ അച്ഛന്റെ വാക്കുകളാണിത്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുഹമ്മദ് നാസറിന്റെ ആറു മക്കളിൽ അഞ്ചാമനാണ് സെയ്ദ്.
തന്റെ വീട്ടിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ പടവുകളില്ല. ഏണി വച്ച് മാത്രമേ അങ്ങോട്ട് എത്താൻ സാധിക്കൂ. രണ്ടാം നിലയിൽ ആരും താമസിക്കുന്നില്ലെന്നും താനും കുടുംബവും താഴത്തെ നിലയിലാണ് കഴിയുന്നതെന്നുമാണ് മൊമീൻ പറയുന്നത്. സെയ്ദിനെ കാണാതായതിന് ശേഷം നിരവധി തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് നാസറിന് ഫോൺകോളുകൾ ലഭിച്ചിരുന്നു. ആവശ്യപ്പെടുന്ന തുക കൊടുത്താൽ മാത്രമേ കുട്ടിയെ വിട്ടുതരൂ എന്ന അവർ ഭീഷണിപ്പെടുത്തി. മകന് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ കൊണ്ട് സംസാരിച്ചിച്ചിട്ടുണ്ടെന്നും എന്നാൽ അത് സെയ്ദാണെന്ന് തോന്നിയിരുന്നില്ലെന്നും നാസർ പൊലീസിനോട് പറഞ്ഞു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഡിഎൻഎ ഫലവും ലഭിക്കണം. എന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത കിട്ടൂവെന്നാണ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കിയത്. ഇർഫാൻ, അഫ്താബ് എന്നിവരെ പൊലീസ് സെയ്ദിനെ കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Leave a Reply