ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തിക്കും. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകിട്ട് 5.50 ഓടെയാകും മൃതദേഹം എത്തിക്കുക. സിദ്ദിഖിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങും.സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനിലാണ് സംസ്‌കരിക്കുക. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന സിദ്ദിഖി ജാമിയ മിലിയയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ജെഎംഐയിലെ ജീവനക്കാര്‍, അവരുടെ ജീവിതപങ്കാളികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരെയാണ് സാധാരണയായി സര്‍വകലാശാലയില്‍ ഒരുക്കിയിരിക്കുന്ന ശ്മശാനത്തില്‍ സംസ്‌കരിക്കുക. എന്നാല്‍, സിദ്ദിഖിയുടെ കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ജൂലൈ 16ന് കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ വച്ചാണ് അഫ്ഗാന്‍ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.ഡാനിഷ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്തര്‍ സിദ്ദിഖി ജാമിയ മിലിയയിലെ മുന്‍ അധ്യാപകനായിരുന്നു. സിദ്ദിഖിയുടെ കുടുംബം താമസിക്കുന്നതും ജാമിയ നഗറിലാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജാമിയയില്‍ നിന്നാണ്. തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ള കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.. കഴിഞ്ഞ ദിവസം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സിദ്ദിഖിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2010ലാണ് സിദ്ദിഖി റോയിട്ടേഴ്സില്‍ ഇന്റേണ്‍ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി. മൊസൂള്‍ യുദ്ധം (2016-17), 2015 ഏപ്രില്‍ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019-2020 ഹോങ്കോങ് പ്രതിഷേധം, 2020 ഡെല്‍ഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം ക്യാമറയില്‍ പകര്‍ത്തിയതിന്, 2018ല്‍ സഹപ്രവര്‍ത്തകനായ അദ്നാന്‍ അബിദിയോടൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും സിദ്ദിഖിയാണ്.ജര്‍മന്‍ പൗരയായ റൈക്ക് ആണ് സിദ്ദിഖിയുടെ ഭാര്യ. തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദിഖി. ഇദ്ദേഹത്തിന്റെ 47000ത്തില്‍ അധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലടക്കം തന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് നിറഞ്ഞുനിന്നിരുന്നത്. താന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് സിദ്ദിഖി മുന്‍പ് പറഞ്ഞിരുന്നത്. അതിനാല്‍ സാധാരണക്കാരന്റെ ദുരിതങ്ങളുടെ തീവ്രതയുടെ നേര്‍ക്കാഴ്ചകളായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.