ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രശസ്ത കോസ്മെറ്റിക് റീറ്റെയിൽസ് സ്ഥാപനമായ ദി ബോഡി ഷോപ്പിന്റെ യുകെയിൽ ഉടനീളമുള്ള ഔട്ട് ലെറ്റുകൾ പൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏതാണ്ട് 100 -ലധികം ഔട്ട് ലെറ്റുകൾക്ക് താഴിടാനാണ് തീരുമാനം. ഏകദേശം 2000 ത്തോളം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് ഈ തീരുമാനം വഴിവെക്കും.
ദി ബോഡി ഷോപ്പിന് യുകെയിൽ ഉടനീളം 200 ഔട്ട് ലെറ്റുകളാണ് ഉള്ളത്. ഇതിൽ പകുതിയോളം ഔട്ട് ലെറ്റുകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഔട്ട് ലെറ്റുകൾ അടച്ചാലും ആവശ്യക്കാർക്ക് ഓൺലൈനായി ഉത്പന്നങ്ങൾ മേടിക്കാൻ സാധിക്കും. ബ്രിട്ടീഷ് ആസ്ഥാനമായുള്ള കോസ്മെറ്റിക് പ്രോഡക്ടുകളുടെ വിതരണ ശൃംഖലയ്ക്ക് ആഗോളതലത്തിൽ ഏകദേശം 10000 പേരാണ് ജീവനക്കാരായി ഉള്ളത്. 70 രാജ്യങ്ങളിലായി 3000 ഷോപ്പുകളാണ് കമ്പനിയുടെ സാധനങ്ങൾ വിറ്റഴിക്കാൻ ഉള്ളത്. 1976 -ൽ ഡാം അനിത റോഡിക്കും ഭർത്താവ് ഗോർഡനും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഔറിലിയെ ദി ബോഡി ഷോപ്പിനെ കഴിഞ്ഞ നവംബറിൽ 207 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. യുകെയിൽ ഉള്ള 2568 ജീവനക്കാരിൽ 927 പേർ അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് 1641 പേർ വിവിധ ഷോപ്പുകളിലുമാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സ്ഥാപനം ചെലവ് ചുരുക്കലിൻ്റെ ഭാഗമായിട്ടാണ് ഷോപ്പുകളുടെയും ജീവനക്കാരുടെയും എണ്ണം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷോപ്പുകളുടെ എണ്ണം വെട്ടി കുറച്ചാലും ഓൺലൈൻ വ്യാപാരത്തിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കാനാകുന്നത് കമ്പനിയുടെ വാണിജ്യ സാധ്യതകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോലി നഷ്ടപ്പെടുന്നവരിൽ എത്ര മലയാളികൾ ഉണ്ടെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
Leave a Reply