ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഈ മാസം മുപ്പത്തിയൊന്നോടു കൂടി ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് അവസാനിക്കുമെന്നിരിക്കെ രാജ്യം അതിനായി ഒരുങ്ങിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി എംപിമാർ. ഒരു കരാർ കൂടാതെ പുറത്തെത്തിയാൽ അത് ഭാവിയിൽ അനേകം തടസ്സങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ കരാർ നേടിയെടുക്കാൻ കാര്യമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഈ മാസം 31 ന് ശേഷം ചാനൽ വഴിയുള്ള സഞ്ചാരത്തിൽ തടസ്സവും കാലതാമസവും നേരിടുമെന്നും എംപിമാർ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് ഇടപാട് നടത്താമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായിപോയെന്ന് കമ്മിറ്റി ചെയർ മെഗ് ഹില്ലിയർ ആരോപിച്ചു. 2020 ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയെങ്കിലും ഒരു പരിവർത്തന കാലഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോഴും നിലകൊള്ളുന്നത്. മാർച്ചിൽ ആരംഭിച്ച ചർച്ചകൾ ഈ ആഴ്ചയും തുടരുകയാണ്. എന്നാൽ മത്സ്യബന്ധനം സംബന്ധിച്ച വിഷങ്ങളിൽ ഇപ്പോഴും തീരുമാനം കൈക്കൊള്ളാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
വർഷാവസാനത്തോടെ ഒരു കരാർ പാർലമെന്റുകൾ അംഗീകരിച്ചില്ലെങ്കിൽ, ലോക വ്യാപാര സംഘടന നിയമങ്ങളിലാവും യുകെ യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുക. ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് വിമർശകർ ഭയപ്പെടുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ഇടപാടോടെയോ അല്ലാതെയോ യുകെ അഭിവൃദ്ധി പ്രാപിക്കുമെന്ന് ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. പരിമിതമായ ഉത്തരവാദിത്തം മാത്രമാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അറിയിച്ചു. ബിസിനസുകൾ തയ്യാറാക്കാൻ ആവശ്യമായ പ്രധാന വിവരങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് വ്യവസായ സ്ഥാപനങ്ങൾ പറഞ്ഞു. ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശം പോലും ഇതുവരെയും നൽകിയിട്ടില്ല.
ഇതുവരെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന 12 റിപ്പോർട്ടുകൾ കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകളുടെ മുഴുവൻ കാലഘട്ടത്തെക്കുറിച്ചും ഔദ്യോഗിക അവലോകനം നടത്താൻ റിപ്പോർട്ട് കാബിനറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. 2021 ജനുവരി വരെ ബിസിനസുകൾക്കും വ്യക്തികൾക്കും പ്രവർത്തിക്കാനുള്ള എല്ലാ അവസരങ്ങളും സർക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ റിപ്പോർട്ടിന് മറുപടിയായി, തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന പദ്ധതികളും തീരുമാനങ്ങളും സർക്കാർ കൈകൊള്ളുകയാണെന്ന് വക്താവ് അറിയിച്ചു.
Leave a Reply