ന്യൂസ് ഡെസ്ക് മലയാളം യുകെ

കാത്തിരിപ്പിനൊടുവിൽ എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ്. ഇന്ന് വൈകുന്നേരം ആണ് ശമ്പള വർദ്ധനവിനെ പറ്റിയുള്ള പ്രഖ്യാപനം ഉണ്ടായത്. ഏപ്രിൽ മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് . ഈ വർഷം ഒറ്റത്തവണയായിട്ട് കുറഞ്ഞത് നേഴ്‌സുമാർക്ക് 2400 പൗണ്ട് ലഭിക്കും .മറ്റുള്ളവരുടെ ഒറ്റത്തവണ പെയ്‌മെന്റ് 1655 പൗണ്ടാണ് . സർക്കാരിന്റെ നിർദ്ദേശത്തിന് യൂണിയനുകൾ അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത് . ഈ നിർദ്ദേശം അനുകൂലിക്കാൻ തങ്ങളുടെ അംഗങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് . അംഗങ്ങളുടെ ഇടയിൽ വോട്ടെടുപ്പ് നടത്തിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.

ദീർഘനാളായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ ശമ്പള വർദ്ധനവ് എന്ന ആവിശ്യം മുന്നോട്ട് വച്ചിരുന്നു.  നീണ്ട പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും ഒടുവിലാണ് സർക്കാരിൻെറ ഈ പുതിയ തീരുമാനം. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) കഴിഞ്ഞ മാസം സർക്കാരുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ പണിമുടക്കുകൾ നിർത്തിവച്ചിരുന്നു. നിലവിലെ ബജറ്റിൽ എൻഎച്ച്എസ് ജീവനക്കാരുടെ വേതന വർധനവിനായി നാല്ലൊരു തുക മാറ്റി വച്ചിരുന്നു. ഇതിനു പിന്നാലെ ഈ മാസം നടക്കാനിരുന്ന ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് നിർത്താൻ തീരുമാനമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശമ്പളത്തിലുള്ള വർദ്ധനവ് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ പ്രതീക്ഷ നൽകുമെന്ന് ചാൻസലർ ജെറെമി ഹണ്ട് പ്രതികരിച്ചു. നിലവിൽ സർക്കാരിനെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ജീവിത ചിലവ് വർദ്ധനവ് മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് യുകെയിലെ മിക്ക മലയാളി കുടുംബങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് . കടുത്ത ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുമുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതു വരെ കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്.ഈ സാഹചര്യത്തിൽ ശമ്പള വർദ്ധനവ് യു കെ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് . ശമ്പള കുറവിൻെറ പശ്ചാത്തലത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത കൂടിവരുന്നുണ്ടായിരുന്നു. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തുടർച്ചയായ സമരം എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചിരുന്നു .