ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടനയ്ക്ക് തുടക്കമിട്ടു. വേഗത്തിലും കാര്യക്ഷമമായുമാണ് ഇത് നടപ്പിലാക്കിയത്. അതിനുശേഷം ഇന്ന് അദ്ദേഹം പുതിയ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് എന്നിവരുൾപ്പെടെ മൂന്നു മുതിർന്ന മന്ത്രിമാരെ ജോൺസൻ പുറത്താക്കിയിരുന്നു. ലിസ് ട്രൂസ് പുതിയ വിദേശകാര്യ സെക്രട്ടറി ആയപ്പോൾ നാദിം സഹാവി പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി. നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പിന്റെ ചുമതലയും നൽകി. അഫ് ഗാൻ പ്രശ് നത്തിന് മുമ്പാണ് ഈ അഴിച്ചുപണി നടന്നിരുന്നതെങ്കിൽ ഡൊമനിക് റാബ് വിദേശകാര്യ സെക്രട്ടറിയായി തന്നെ തുടരുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നിറവേറ്റാനാണ് പുതിയ ഹൗസിങ് & ലെവലിംഗ് അപ്പ് സെക്രട്ടറിയായി മൈക്കിൾ ഗോവ് എത്തുന്നത്. കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ 18 മാസങ്ങൾ “പാഴായി” എന്ന ഭയം സർക്കാരിൽ ഉണ്ട്. ഈ ഭയം കാരണമാണ് മന്ത്രിസഭാ അഴിച്ചുപണി വേഗത്തിൽ നടന്നത്. സർക്കാരിന് ഇതിലും മികച്ച രീതിയിൽ മുന്നോട്ട് നീങ്ങേണ്ടതുണ്ട് എന്നത് പ്രധാനമായ കാര്യം. ജോൺസൻ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കരുക്കൾ നീക്കുന്നത്. ആത്യന്തികമായി രാഷ്ട്രീയ വിജയി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്താൻ ജോൺസൻ ശ്രമിക്കുന്നു.
അതിനാലാണ് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ പുതിയ മന്ത്രിസഭയെ ജോൺസൻ സജ്ജമാക്കുന്നത്. 2023 -ൽ പ്രധാനമന്ത്രി പെട്ടെന്നുള്ളൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് ഏറെക്കാലമായി വാർത്തകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ് ജോൺസൻ നടത്തിയിരിക്കുന്നന്ത്. ഇപ്പോഴത്തെ മന്ത്രിസഭയാകും അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കുന്ന ടീമിന്റെ അടിസ്ഥാനമാകുക. ഇന്ന് നടന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ, ബ്രെക്സിറ്റും വാക്സിൻ പ്രോഗ്രാമും ഉദ്ധരിച്ച് ജോൺസൻ തന്റെ സർക്കാരിനെ പ്രശംസിക്കുകയുണ്ടായി.
Leave a Reply