ലണ്ടന്‍: ഒരു കപ്പ് ചൂട് കാപ്പിയോ ചോക്ലേറ്റ് പാനീയമായ ചായയോ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്ന് വിദ്ഗ്ദ്ധര്‍. ഇവയില്‍ വന്‍തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരുകപ്പ് കാപ്പിയില്‍ ഇരുപ്പത്തഞ്ച് സ്പൂണോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രമുഖ കോഫി ഷോപ്പ് ശൃംഖലകളില്‍ 98 ശതമാനവും ഇത്തരത്തിലാണ് പാനീയങ്ങള്‍ നല്‍കുന്നതെന്ന് ആക്ഷന്‍ ഓണ്‍ ഷുഗര്‍ എന്ന സംഘടന കണ്ടെത്തി. ഇവയെ റെഡ് വാണിംഗ് വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്.
സ്റ്റാര്‍ബക്‌സിന്റെ ഹോട്ട്മുള്‍ഡ് ഫ്രൂട്ടിലാണ് ഏറ്റവും കൂടുതല്‍ പഞ്ചസാര കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഇരുപത്തഞ്ച് സ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ മൂന്ന് മടങ്ങാണ് ഒരു കപ്പില്‍ അടങ്ങിയിട്ടുളളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോസ്റ്റയുടെ പാനീയത്തില്‍ ഇരുപത് സ്പൂണോളം പഞ്ചസാരയുണ്ട്. സ്റ്റാര്‍ബക്‌സിന്റെ സിഗ്‌നേച്ചര്‍ ഹോട്ട് ചോക്ലേറ്റില്‍ പതിനഞ്ച് സ്പൂണ്‍ പഞ്ചസാരയുണ്ട്. ഒരു ടിന്‍ കോക്കകോളയില്‍ അടങ്ങിയിട്ടളള അത്രയുമോ അതിലേറെയോ പഞ്ചസാര പരിശോധിച്ച മൂന്നില്‍ ഒരു പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്.
കോഫി കുടിക്കാത്തവര്‍ക്കായി ചായയും ചോക്ലേറ്റ് അടക്കമുളള മറ്റ് പാനീയങ്ങളും ഇത്തരം വ്യാപാര ശൃംഖലകള്‍ ഒരുക്കുന്നു. ഇതില്‍ കൂടുതല്‍ നിറവും മണവും ലഭിക്കാനായി ഉയര്‍ന്ന തോതില്‍ പഞ്ചസാര സിറപ്പുകള്‍ ചേര്‍ക്കുന്നു. ദിവസവും ഇരുപത് ശതമാനം പേര്‍ കോഫി ഷോപ്പുകളിലെത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ പലര്‍ക്കും തങ്ങള്‍ അകത്താക്കുന്ന പഞ്ചസാരയുടെ അളവിന് കുറിച്ച് യാതൊരു ധാരണയുമില്ല. ഇത്തരം പാനീയങ്ങളുടെ വിപണനം അവസാനിപ്പിക്കണമെന്നാണ് ആക്ഷന്‍ ഓണ്‍ ഷുഗറിന്റെ ആവശ്യം. 2020 ഓടെ തങ്ങളുടെ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് 25 ശതമാനം കുറയ്ക്കുമെന്നാണ് സ്റ്റാര്‍ ബക്‌സ് ഉറപ്പ് നല്‍കിയിട്ടുളളത്.
പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി കോസ്റ്റ അറിയിച്ചു. 2020ഓടെ പഞ്ചസാരയും ഉപ്പും കുറയ്ക്കുന്നതിനുളള നടപടികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. യൂറോപ്പില്‍ അമിതവണ്ണക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന്‍ മുന്നിട്ട് നില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.