ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ആചാരങ്ങളില്ലാതെ, പ്രിയപ്പെട്ടവരുടെ കണ്ണീരിന്റെ അകമ്പടിയില്ലാതെ, ദഹനചടങ്ങുകളോ അന്ത്യപ്രാർത്ഥനകളോ ഇല്ലാതെ, കാർമികന്റെ നിർദേശങ്ങൾ ഇല്ലാതെ നിരനിരയായി ഒരുക്കിയ ചിതകളിൽ എരിഞ്ഞടങ്ങുകയാണ് ഓരോ ജീവനുകളും. ഭീതിദമായ സാഹചര്യമാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എങ്ങും. പ്രാണവായു കിട്ടാതെ ജീവനുവേണ്ടി പിടയുന്നവർ ഒരു വശത്ത്, കോവിഡ് കവർന്നെടുത്ത ജീവിതങ്ങളെ ദഹിപ്പിക്കാനവസരം കാത്ത് മണിക്കൂറുകളോളം കാത്തിരിക്കുന്നവർ മറ്റൊരു വശത്ത്. മരണത്തിന്റെ കനത്ത നിശബ്ദത ദില്ലിയുടെ മാനത്ത് ആകെ പരക്കുകയാണ്. ഡൽഹിയിലെ സരായ് കലേഖാൻ ശ്മശാനത്തിലെ ദൃശ്യമാണിത്. മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂർ വരെയാണ് ആളുകൾ കാത്തിരിക്കുന്നത്. ശ്മശാനങ്ങളിൽനിന്ന് ശ്മശാനങ്ങളിലേക്കും മൃതദേഹം സൂക്ഷിക്കാൻ ഇടം തേടിയും അലയുന്ന കാഴ്ച കണ്ടാണ് ഓരോ ദിവസവും ഡൽഹി ഉണരുന്നത്.
തിങ്കളാഴ്ച മാത്രം ഡൽഹിയിൽ മരിച്ചത് 380 പേരാണ്. ഔദ്യോഗികരേഖകൾ പ്രകാരം ഈ മാസം ഇതുവരെ മരിച്ചത് 3601 പേർ. കോവിഡ് രണ്ടാം തരംഗം തുടങ്ങിയശേഷം കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 2,267 പേർ. 22 മൃതദേഹങ്ങൾ മാത്രം സംസ്കരിക്കാൻ ശേഷിയുള്ള ശ്മശാനത്തിൽ ഇപ്പോൾ സംസ്കരിക്കുന്നത് എൺപത്തിലധികം മൃതദേഹങ്ങളാണ്. അവിടുത്തെ തൊഴിലാളികൾ അതിരാവിലെ മുതൽ അർദ്ധരാത്രി വരെ പണിയെടുക്കേണ്ടി വരുന്നു. സരായ് കലേഖാൻ ശ്മശാനത്തിൽ 27 പുതിയ ചിതകൾ നിർമ്മിച്ചുകഴിഞ്ഞു. സമീപത്തുള്ള പാർക്കിലും ചിതകൾ ഒരുങ്ങുന്നു. നഗരത്തിലെ യമുന റിവർ ബെഡിനടുത്ത് അധിക സ്ഥലവും അധികൃതർ അന്വേഷിക്കുന്നുണ്ട്. ശവസംസ്കാര ചിതകളിൽ ഉപയോഗിക്കുന്നതിനായി സിറ്റി പാർക്കുകളിലെ മരങ്ങൾ അധികൃതർ മുറിച്ചുമാറ്റി.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് കീഴിലെ 26 ശ്മശാനങ്ങളിലെയും സ്ഥിതി ഗുരുതരമാണ്. മൃതദേഹങ്ങളുടെ നീണ്ട വരി. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല. ഗാസിപ്പുർ ശ്മശാനത്തിൽ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകൾകൂടി പണിതു. വസീറാബാദിൽ പത്തും. സീമാപുരിയിലും പാർക്കിങ് മേഖലയെ സംസ്കാരത്തിനായി ഉപയോഗിച്ചു തുടങ്ങി. രാജ്യത്ത് കോവിഡ് രോഗബാധ അതിതീവ്രമായി തുടരുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതെന്നതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000 ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Leave a Reply