ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ ഗുണഭോക്താവിന് പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഓരോ കേന്ദ്രത്തിലും വാക്സിന്‍ സ്വീകര്‍ത്താക്കളെ 30 മിനിറ്റ് നിരീക്ഷിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനുവരി 16 ന് ഇന്ത്യ രാജ്യവ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിരപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.